മലയാള സിനിമാ മേഖലയില്‍ ആദായ നികുതി റെയ്ഡ്; 225 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി

മലയാള സിനിമാ മേഖലയില്‍ ആദായ നികുതി റെയ്ഡ്; 225 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി

കൊച്ചി: മലയാള സിനിമാ നിര്‍മാണ മേഖലയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തി. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്.

പ്രമുഖ താരങ്ങള്‍ അടക്കമുളളവര്‍ വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ മൊഴി ഇന്നലെയാണ് ആദായനികുതി വകുപ്പ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഡിസംബര്‍ 15 മുതലായിരുന്നു മലയാള സിനിമാ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട സൂപ്പര്‍ താരങ്ങളുടെയും പ്രമുഖ നിര്‍മാതാക്കളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റൊ ജോസഫ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി മലയാള സിനിമാ മേഖലയില്‍ നിര്‍മാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിര്‍മാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന.

സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുന്‍പ് തന്നെ കളക്ഷന്‍ അന്‍പതും എഴുപതും കോടി കഴിഞ്ഞെന്ന് ചില നിര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത് മുന്‍നിര്‍ത്തിയായിരുന്നു റെയ്ഡ്. 225 കോടിയുടെ രൂപയുടെ കളളപ്പണ ഇടപാടാണ് ഇതുവരെ ആദായ നികുതി വകുപ്പ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ചില താരങ്ങളും നിര്‍മാതാക്കളും ദുബായ്, ഖത്തര്‍ കേന്ദീകരിച്ചാണ് വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവര്‍ നിര്‍മിക്കുന്ന സിനിമകളുടെ ഓവര്‍സീസ് വിതരണാവകാശത്തിന്റെ മറവിലായിരുന്നു വിദേശത്തെ കള്ളപ്പണ ഇടപാടെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

ഇവരില്‍ ചിലരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നത് ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.