അബുദബിയില്‍ എബ്രഹാമിക് ഫാമിലി ഹൗസ് യുഎഇ പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു

അബുദബിയില്‍ എബ്രഹാമിക് ഫാമിലി ഹൗസ് യുഎഇ പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു

അബുദബി: സഹിഷ്ണുതയുടേയും സഹവർത്തിത്വത്തിന്‍റേയും സന്ദേശം നല്‍കി ഒരേ കോമ്പൗണ്ടില്‍ ക്രിസ്ത്യന്‍ മുസ്ലീം ജൂത ആരാധാലായങ്ങള്‍ ഉള്‍ക്കൊളളുന്ന എബ്രഹാമിക് ഫാമിലി ഹൗസ് ഉദ്ഘാടനം ചെയ്തതായി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു.

പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നതിനായി വിവിധ സമൂഹങ്ങളില്‍ നിന്നുളള ആളുകള്‍ ഒരുമിച്ച് പ്രവർത്തിച്ചതിന്‍റെ അഭിമാനകരമായ ചരിത്രമാണ് യുഎഇയ്ക്ക് ഉളളതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. എബ്രഹാമിക് ഫാമിലി ഹൗസ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ പരസ്പര ബഹുമാനം, ധാരണ, വൈവിധ്യം എന്നിവയുടെ ശക്തി വിനിയോഗിക്കാൻ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മതവിശ്വാസികള്‍ക്ക് ഒരുമിച്ച് ഒരിടത്ത് പ്രാർത്ഥനയ്ക്കെത്താമെന്നുളളതാണ് സവിശേഷത.ഇമാം അൽ തയെബ് പള്ളി, സെന്‍റ് ഫ്രാൻസിസ് പള്ളി, മോസസ് ബിൻ മൈമൺ സിനഗോഗ് എന്നിവയാണ് മൂന്ന് ആരാധനാലയങ്ങള്‍.പഠനത്തിനും സമൂഹത്തിൽ ഇടപെടുന്നതിനുമുള്ള ഒരു ഫോറവും ഇതില്‍ ഉള്‍പ്പെടുന്നു. സാദിയാത്ത് ദ്വീപിലുളള എബ്രഹാമിക് ഫാമിലി ഹൗസ് മാർച്ച് ഒന്നുമുതലാണ് സന്ദർശനത്തിനായി തുറക്കുകയെന്ന് വെബ്സൈറ്റില്‍ അറിയിച്ചു.

2019 ഫെബ്രുവരിയിൽ ഫ്രാൻസിസ് മാർപാപ്പയും ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയീബും ചേർന്ന് ഒപ്പുവച്ച മാനവ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയുടെ സ്മരണയ്ക്കായാണ് ഇത് സ്ഥാപിച്ചത്. ന്യൂയോർക്കില്‍ നടന്ന ആഗോള സമ്മേളത്തില്‍ യുഎഇ വിദേശ കാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സായിദ് അല്‍ നഹ്യാന്‍ പദ്ധതിയുടെ രൂപ രേഖ അവതരിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.