അമേരിക്കയിലെ പ്രൈമറി സ്‌കൂളിൽ സാത്താന്‍ ക്ലബ്ബ്; അംഗങ്ങള്‍ കുട്ടികള്‍, എതിര്‍പ്പുകള്‍ക്കിടയിലും ആദ്യ യോഗം ചേര്‍ന്നു

അമേരിക്കയിലെ പ്രൈമറി സ്‌കൂളിൽ സാത്താന്‍ ക്ലബ്ബ്; അംഗങ്ങള്‍ കുട്ടികള്‍, എതിര്‍പ്പുകള്‍ക്കിടയിലും ആദ്യ യോഗം ചേര്‍ന്നു

ചെസാപീക്ക് (വിര്‍ജീനിയ): കുഞ്ഞു മനസുകളില്‍ തിന്മ വിതയ്ക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ വിര്‍ജീനിയ സംസ്ഥാനത്തെ പ്രൈമറി സ്‌കൂളില്‍ ആരംഭിച്ച ആഫ്റ്റര്‍ സ്‌കൂള്‍ സാത്താന്‍ ക്ലബ്ബിന്റെ ആദ്യ യോഗം ചേര്‍ന്നു. വ്യാഴാഴ്ച രാത്രി ചെസാപീക്കിലെ ബി.എം വില്യംസ് പ്രൈമറി സ്‌കൂളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഒന്‍പതു കുട്ടികള്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലും ഈ വര്‍ഷം ജനുവരിയിലും യോഗങ്ങള്‍ ആസൂത്രണം ചെയ്‌തെങ്കിലും വിശ്വാസികളായ മാതാപിതാക്കളുടെ എതിര്‍പ്പിനെതുടര്‍ന്ന് ക്ലബിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. സ്‌കൂള്‍ സമയത്തിനു ശേഷമുള്ള ക്ലബ് അടച്ചു പൂട്ടാനും സ്‌കൂളില്‍ പ്രവേശനം നേടുന്നത് തടയാനുമുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ആദ്യ യോഗം ചേര്‍ന്നത്.

സ്‌കൂള്‍ അധികൃതരുടെ അനുമതിയോടു കൂടി സാത്താന്‍ ക്ലബ് പ്രവര്‍ത്തിക്കുന്നതിനെ ആശങ്കയോടെയാണ് രക്ഷിതാക്കള്‍ കാണുന്നത്. കൊച്ചുകുട്ടികളാണ് ഈ ക്ലബില്‍ അംഗങ്ങള്‍ എന്നതു കൂടി അറിയുമ്പോഴാണ് ഇതിന്റെ ആഘാതം വ്യക്തമാവുക. അതേസമയം കുട്ടികള്‍ക്കിടയില്‍ 'വിമര്‍ശനാത്മക ചിന്ത' പരിപോഷിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് സാത്താന്‍ ക്ലബ്ബിന്റെ വാദം.

ക്രിസ്ത്യന്‍ ക്ലബ്ബായ ഗുഡ് ന്യൂസ് ക്ലബ്ബിന് സ്‌കൂളിന്റെ പ്രവര്‍ത്തന സമയത്തിനു ശേഷം യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയതിന് മറുപടിയായാണ് ആഫ്റ്റര്‍ സ്‌കൂള്‍ സാത്താന്‍ ക്ലബ്ബ് രൂപീകരിച്ചത്. കുട്ടികള്‍ക്ക് സുവിശേഷ മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗുഡ് ന്യൂസ് ക്ലബ് പോലെയുള്ള ക്രിസ്ത്യന്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രദേശവാസികളായ രക്ഷിതാക്കള്‍ തങ്ങളുടെ ക്രിസ്ത്യാനികളല്ലാത്ത കുട്ടികള്‍ക്കായി ഒരു ബദല്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നും ക്ലബ്ബ് യഥാര്‍ത്ഥത്തില്‍ സാത്താനെക്കുറിച്ചല്ലെന്നും സാത്താന്‍ ക്ലബ്ബിന്റെ ഭാരവാഹികള്‍ പറയുന്നു.

തങ്ങള്‍ ദൈവവിശ്വാസികളല്ലെന്ന് ക്ലബിന്റെ അണിയറയിലുള്ള റോസ് ബാസ്റ്ററ്റ് പറഞ്ഞു.
സ്‌കൂളിനു ശേഷം സാത്താന്‍ ക്ലബ്ബുകള്‍ സ്വതന്ത്ര അന്വേഷണത്തിലും യുക്തിവാദത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദൈവവചനം പങ്കുവയ്ക്കുന്ന ക്ലബുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാത്താന്‍ ക്ലബുകള്‍ രംഗത്തുവന്നിട്ടുള്ളതെന്ന കാര്യം വ്യക്തമാണ്. ബൈബിള്‍ വചനങ്ങളും, മറ്റു സാമൂഹിക കാര്യങ്ങളും പഠിപ്പിക്കുന്ന ക്ലബുകള്‍ക്ക് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ തങ്ങളുടെ ക്ലബിനും അതിനുള്ള അവകാശമുണ്ടെന്നാണ് സാത്താന്‍ ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ പറയുന്നത്.

ശാസ്ത്രത്തിന്റെ വിവിധ വശങ്ങളെ മനസിലാക്കുന്നതിനും അന്ധവിശ്വാസത്തെ തള്ളിക്കളയുന്നതിനും വേണ്ടിയാണ് ക്ലബ് പ്രവര്‍ത്തിക്കുക എന്നാണ് ഇവരുടെ വാദമെങ്കിലും ഇത് സാധാരണക്കാരായ മാതാപിതാക്കളുടെ മനസിലുണ്ടാക്കുന്ന ആഘാതം ചെറുതല്ല.

ക്ലബ്ബിന്റെ സാന്നിധ്യത്തിനെതിരേ ഡസന്‍ കണക്കിന് രക്ഷിതാക്കളും കമ്മ്യൂണിറ്റിയും രംഗത്തു വന്നുകഴിഞ്ഞു. ക്ലബ്ബിന്റെ സംഘാടകര്‍ അവരുടെ തന്ത്രങ്ങളും ഉദ്ദേശ്യങ്ങളും കൊണ്ട് വഞ്ചിക്കുന്നവെന്നാണ് പലരും ആരോപിക്കുന്നത്.

കുട്ടികള്‍ സാത്താനെ ഒരു മതേതര ദൈവമായി ആരാധിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് നമുക്കു വേണമെന്നാണ് ഒരു രക്ഷിതാവ് പ്രതികരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.