ഡല്‍ഹി ടെസ്റ്റ്; ഓസ്‌ട്രേലിയക്ക് 62 റണ്‍സ് ലീഡ്

ഡല്‍ഹി ടെസ്റ്റ്; ഓസ്‌ട്രേലിയക്ക് 62 റണ്‍സ് ലീഡ്

ന്യൂഡല്‍ഹി: രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് 62 റണ്‍സ് ലീഡ്. 40 പന്തില്‍ 39* റണ്‍സുമായി ട്രാവിസ് ഹെഡും 19 പന്തില്‍ 16* റണ്‍സെടുത്ത് മാര്‍നസ് ലബുഷെയ്നുമാണ് ക്രീസില്‍.

13 പന്തില്‍ ആറ് റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താക്കി. മൂന്നാം ദിനമായ നാളെ മികച്ച ലീഡ് ലക്ഷ്യമാക്കിയായിരിക്കും ഓസീസ് ബാറ്റിങ് പുനരാരംഭിക്കുക.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംങ്സ് സ്‌കോറായ 263 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഇന്ത്യ 262 റണ്‍സിന് ഓള്‍ ഔട്ടായിയിരുന്നു.

രണ്ടാം ദിനം ലഞ്ചിന് ശേഷം 139-7 ലേക്ക് കൂപ്പുകുത്തിയശേഷം എട്ടാം വിക്കറ്റില്‍ രവിചന്ദ്രന്‍ അശ്വിനും അക്‌സര്‍ പട്ടേലും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് വന്‍ ലീഡ് വഴങ്ങുന്നതില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 114 റണ്‍സടിച്ച് മികച്ച ഒന്നാം ഇന്നിംങ്‌സ് ലീഡെന്ന ഓസീസ് മോഹങ്ങള്‍ ബൗണ്ടറി കടത്തി. കൂട്ടുകെട്ട് പൊളിക്കാന്‍ വഴി കാണാതിരുന്ന ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ഒടുവില്‍ രണ്ടാം ന്യൂ ബോള്‍ എടുത്തതാണ് കളിയില്‍ വഴിത്തിരിവായത്. ന്യൂബോള്‍ എടുത്ത് 3.3 ഓവറിനുള്ളില്‍ ഇന്ത്യ ഓള്‍ഔട്ടായി.

സ്‌കോര്‍ 250 കടന്നതിന് പിന്നാലെ ലീഡ് പ്രതീക്ഷിച്ച ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ച് കമ്മിന്‍സിന്റെ പന്തില്‍ അശ്വിനെ(37) മാറ്റ് റെന്‍ഷാ പറന്നുപിടിച്ചു. എട്ടാം വിക്കറ്റില്‍ 114 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് അക്‌സറും അശ്വിനും വേര്‍പിരിഞ്ഞത്. പിന്നാലെ ടോഡ് മര്‍ഫിയുടെ പന്തില്‍ അക്‌സറിനെ(74) കമിന്‍സും അവിശ്വസനീയ ക്യാച്ചിലൂടെ പുറത്താക്കി.

115 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും പറത്തിയ അക്‌സര്‍ 74 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. അശ്വിന്‍ 71 പന്തില്‍ അഞ്ച് ബൗണ്ടറി പറത്തിയാണ് 37 റണ്‍സടിച്ചത്. അഞ്ച് വിക്കറ്റെടുത്ത നേഥന്‍ ലിയോണാണ് ഇന്ത്യയെ കറക്കിയിട്ടത്.

രണ്ടാം ദിനം തുടക്കത്തില്‍ ഇന്ത്യ കരുതലോടെയാണ് ബാറ്റ് വീശിയത്. പാറ്റ് കമ്മിന്‍സിനെയും മാത്യു കുനെമാനെയും ആത്മവിശ്വാസത്തോടെ രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും നേരിട്ടപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് അടിത്തറയിടുമെന്ന് കരുതി.

എന്നാല്‍ കുനെമാനെതിരെ സിക്‌സടിച്ച് രാഹുല്‍ പ്രതീക്ഷ നല്‍കിയതിന് പിന്നാലെ വീണു. നേഥന്‍ ലിയോണിന്റെ വരവാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. രാഹുലിനെ(17) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ലിയോണ്‍ പിന്നാലെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ(32) മിഡില്‍ സ്റ്റംപിളക്കി.

84 പന്തില്‍ 44 റണ്‍സെടുത്ത കോലിയെ മാത്യു കുനെമാന്‍ വിവാദ തീരുമാനത്തിലൂടെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ബാറ്റിലും പാഡിലുമായി കൊണ്ട പന്തിലാണ് ഡിആര്‍എസില്‍ അമ്പയര്‍ കോലിയെ എല്‍ബിഡബ്ല്യു വിധിച്ചത് എന്നതാണ് വിവാദത്തിന് കാരണമായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.