പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; സൈനികനെ കോർട്ട് മാർഷൽ ചെയ്യാൻ നടപടി ആരംഭിച്ച് ഇന്ത്യൻ സൈന്യം

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; സൈനികനെ കോർട്ട് മാർഷൽ ചെയ്യാൻ നടപടി ആരംഭിച്ച് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ സൈനികനെ കോർട്ട് മാർഷൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യൻ സൈന്യം. വടക്കൻ അതിർത്തിയിലെ സൈനിക പ്രവർത്തനങ്ങളെക്കുറിച്ച് തലസ്ഥാനത്തെ പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥന് രഹസ്യ വിവരങ്ങൾ കൈമാറുന്നതിനിടെ പിടിക്കപ്പെട്ട സൈനികൻ അലിം ഖാനെയാണ് കോർട്ട് മാർഷൽ ചെയ്യുന്നത്.

ന്യൂഡൽഹിയിലെ പാക്കിസ്ഥാനി ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന പാക് പൗരനായ ആബിദ് ഹുസൈൻ എന്ന പാക് ചാരന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്നാണ് സൈനികനായ വാഷർമാൻ അലിം ഖാനെതിരായ കുറ്റം. രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നതിനിടെയാണ് അലിം ഖാൻ പിടിയിലായത്.

ചൈനയുമായുള്ള അതിർത്തിയോട് ചേർന്നുള്ള ഫീൽഡ് ഏരിയയിൽ നിയോഗിച്ചിരുന്ന ഘട്ടത്തിലാണ് അലിം ഖാൻ ദേശവിരുദ്ധ പ്രവർത്തനം നടത്തിയതായി കണ്ടെത്തിയത്. സൈനികനെതിരെയുള്ള കോർട്ട് മാർഷൽ നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ഉന്നത സൈനീക ഉദ്യോഗസ്ഥർ പറഞ്ഞു.

യഥാർത്ഥ നിയന്ത്രണ രേഖയിൽ എതിരാളികൾ ആക്രമണം നടത്താൻ ശ്രമിക്കുന്ന നിർണായക സമയത്താണ് സൈനികന്റെ ചാര പ്രവർത്തനങ്ങൾ നടന്നതെന്നും ചെറിയ വിവരങ്ങൾ പോലും ശത്രുക്കൾക്ക് സഹായകരമാകുമെന്നും ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു.

ഇന്ത്യൻ സൈന്യം നൽകുന്ന വിവരമനുസരിച്ച് സൈനികന്റെ പക്കൽ നിസ്സാര വിവരങ്ങൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇത്തരം പ്രവൃത്തികളോട് യാതൊരു സഹിഷ്‌ണുതയും പാലിക്കുന്നില്ലെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുമെന്നും സൈന്യം കൂട്ടിച്ചേർത്തു.

സൈനികൻ ശത്രു ചാര ഏജൻസിക്ക് നൽകിയ രേഖകളുടെ പട്ടികയിൽ സ്വന്തം ടീമിന്റെ ഡ്യൂട്ടി ലിസ്‌റ്റും, അതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും ഉൾപ്പെടുന്നു. വാഹനങ്ങളുടെ യാത്രാ വിവരവും, വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും സൈനികൻ കൈമാറിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.