'വേതാളത്തെ തോളിലിട്ട പോലെ സിഎംഡിയെ ചുമക്കുന്നത് അവസാനിപ്പിക്കണം'; മന്ത്രി ആന്റണി രാജുവിനെതിരെ പരിഹാസവുമായി സിഐടിയു

'വേതാളത്തെ തോളിലിട്ട പോലെ സിഎംഡിയെ ചുമക്കുന്നത് അവസാനിപ്പിക്കണം'; മന്ത്രി ആന്റണി രാജുവിനെതിരെ പരിഹാസവുമായി സിഐടിയു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള വിവാദത്തില്‍ ഗതാഗതമന്ത്രിയെ പരിഹസിച്ച് സിഐടിയു. മന്ത്രി ആന്റണി രാജുവിനെയും കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനെയും വിക്രമാദിത്യനും വേതാളവുമായി ഉപമിച്ചായിരുന്നു കടുത്ത ഭാഷയിലുള്ള പരിഹാസം. വേതാളത്തെ വിക്രമാദിത്യന്‍ തോളത്തിട്ടതു പോലെ മന്ത്രി സിഎംഡിയെ ചുമക്കുകയാണെന്നാണ് കെഎസ്ആര്‍ടിഇഎ വര്‍ക്കിങ് പ്രസിഡന്റ് സി.കെ ഹരികൃഷ്ണന്‍ പറഞ്ഞത്.

കാര്യമറിയാതെയാണ് എ.കെ ബാലന്‍ ഉള്‍പ്പടെ വിമര്‍ശിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. അതേസമയം മന്ത്രി ആന്റണി രാജുവിനെതിരെ എ.കെ ബാലന്‍ രംഗത്ത് എത്തി. ബ്യൂറോക്രാറ്റുകളുടെ താളത്തിന് അനുസരിച്ച് തുള്ളിയാല്‍ മന്ത്രി ഒറ്റപ്പെട്ടും. ഏത് മന്ത്രിയായാലും തൊഴിലാളികളെ വിശ്വാസത്തിലെടുക്കണം. മന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഇക്കാര്യം പറയുന്നത്. മാനേജ്‌മെന്റിന്റെ തീരുമാനം ഏകപക്ഷീയമാണ്. മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ എടുത്ത തീരുമാനം പോലും നടപ്പാക്കുന്നില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

ജീവനക്കാരെ സിഐടിയുവിനും സര്‍ക്കാരിനും എതിരാക്കുകയെന്നതാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഗഡുക്കളായി ശമ്പളം കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി വിതരണം ചെയ്യാനുള്ള ഉത്തരവിനെ ഗതാഗതമന്ത്രി ആന്റണി രാജു ന്യായീകരിച്ചതോടെയാണ് സിഐടിയുവിന്റെ പ്രതിഷേധവും പ്രതികരണവും.

മാനേജ്‌മെന്റ് ഇറക്കുന്ന ഉത്തരവൊന്നും ഗതാഗത മന്ത്രി അറിയുന്നില്ലെന്നും വേതാളത്തെ ചുമക്കലാവരുത് മന്ത്രിയുടെ പണിയെന്നും സിഐടിയു പരിഹസിച്ചു. സിഎംഡിയുടെ ധാര്‍ഷ്ട്യം അംഗീകരിക്കില്ലെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. അതേസമയം ഉത്തരവിറക്കിയത് മാനേജ്‌മെന്റാണെന്നും താന്‍ അതില്‍ വ്യക്തത വരുത്തുകയാണ് ചെയ്തതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

അതിനിടെ കെഎസ്ആര്‍ടിസിയിലെ പുതിയ ശമ്പള ഉത്തരവിനെതിരെ ജീവനക്കാരുടെ കത്തയക്കല്‍ ക്യാംപയിന് തുടക്കമായി. പതിനായിരം കത്തുകളാണ് തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് അയക്കുന്നത്. സിഎംഡിയെ കുറ്റപ്പെടുത്തുന്നതാണ് ഉള്ളടക്കം. എല്ലാ സംഘടനകളും എതിര്‍പ്പ് അറിയിച്ചിട്ടും ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുമെന്ന ഉത്തരവ് പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.