അൽമായർ സഭയിലെ അതിഥികളല്ല: ഫ്രാൻസിസ് മാർപാപ്പ

അൽമായർ സഭയിലെ അതിഥികളല്ല: ഫ്രാൻസിസ് മാർപാപ്പ

വൈദികരും അൽമായരും ഒരുമിച്ച് പരിപാലിക്കേണ്ട ഭവനമാണ് സഭയെന്ന് ഫ്രാൻസിസ് മാർപാപ്പ.അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻ കൂരിയാ വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തിൽ സംബന്ധിക്കുന്നവരെ ഫെബ്രുവരി 18 ശനിയാഴ്‌ച വത്തിക്കാനിൽ സംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാർപാപ്പ.

അൽമായ വിശ്വാസികൾ സഭയിൽ "അതിഥികൾ" അല്ല, അവർ അവരുടെ സ്വന്തം വീട്ടിലാണ് എന്ന് വ്യക്തമാക്കിയ പാപ്പാ, ആകയാൽ സ്വഭവനങ്ങൾ പരിപാലിക്കാൻ അവർ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ചു.

സഭയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വൈദികരും അൽമായരും ഒരുമിച്ച് നടക്കേണ്ട സമയമാണിത്.അൽമായരുടെ,പ്രത്യേകിച്ച് സ്ത്രീകളുടെ,മാനുഷികവും ആത്മീയവുമായ കഴിവുകൾ കൂടുതൽ വിലമതിക്കപ്പെടേണ്ടതുണ്ട്. ഇടവകകളുടെയും രൂപതകളുടെയും ജീവിതത്തിൽ ആ കഴിവുകൾ ഉപയോഗിക്കേണ്ടതുണ്ട്.

അൽമായ വിശ്വാസികളും ഇടയന്മാരും തമ്മിലുള്ള കൂട്ടുത്തരവാദിത്വ ജീവിതം നമ്മുടെ സമൂഹത്തിലെ വേർതിരിവ്, ഭയം, പരസ്പര വിശ്വാസമില്ലായ്മ എന്നിവയെ മറികടക്കാൻ സഹായിക്കുമെന്ന് മാർപ്പാപ്പാ പറഞ്ഞു. ഇരുനൂറോളം അൽമായ വിശ്വാസികളെ ഈ സമ്മേളനത്തിലേക്ക്‌ ക്ഷണിച്ചിരുന്നു. "ഒരുമിച്ചു ചരിക്കാനുള്ള വിളി" എന്ന ഈ സമ്മേളനത്തിൻറെ പ്രമേയത്തെക്കുറിച്ചും ചർച്ച നടന്നു.

വാസ്‌തവത്തിൽ, ദൈവം സഭയ്‌ക്ക് കാണിച്ചുതരുന്ന പാതയിലൂടെ, കൂട്ടായ്മ കൂടുതൽ തീവ്രമായും കൂടുതൽ മൂർത്തമായും ജീവിക്കുകയും ഒരുമിച്ച് നടക്കുകയും ചെയ്യുക എന്നതാണെന്ന് പാപ്പാ പറഞ്ഞു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന രീതികളെയും, ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര പാതകളെയും മറികടക്കാൻ സഭ നമ്മെ ക്ഷണിക്കുന്നുവെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.

ദൈവപിതാവിൻറെ കരുണാർദ്ര സ്നേഹം പ്രഘോഷിക്കുക എന്ന ഏക ദൗത്യോന്മുഖരുമായി രക്ഷകനായ ക്രിസ്തുവിലുള്ള ഏക വിശ്വാസത്തിൽ ഐക്യപ്പെട്ടവരുമായ ഒരു യഥാർത്ഥ ജനതയായി, ഏക ശരീരം എന്ന പോലെ ജീവിക്കാൻ സഭയ്ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും പാപ്പാ പറഞ്ഞു.

അൽമായരെ വത്തിക്കാൻ ഭരണകേന്ദ്രത്തിലും,സഭാ പദവികളിലും കൂടുതൽ പരിഗണിക്കുന്ന നിലപാടാണ് ഫ്രാൻസിസ് മാർപ്പാപ്പയുടേത്. സഭയുടെ ജീവിതത്തിൽ അൽമായ വിശ്വാസികൾക്ക് പങ്കെടുക്കാൻ കഴിയുന്ന നിരവധി മാർഗങ്ങളിൽ ചിലത് പാപ്പാ പ്രസിദ്ധപ്പെടുത്തി. പ്രസംഗങ്ങൾ നടത്തുക,കുട്ടികൾ, യുവജനങ്ങൾ, സെമിനാരിക്കാർ, സന്യാസ ജീവിത തുടക്കക്കാർ എന്നിവരുടെ രൂപീകരണത്തിൽ വൈദികരുമായി സഹകരിക്കുക, വിവാഹനിശ്ചയം കഴിഞ്ഞ ദമ്പതികളെ വിവാഹത്തിന് തയ്യാറാക്കുക തുടങ്ങിയവയാണവ.

പ്രാദേശികവും ദേശീയവും സാർവത്രികവുമായ എല്ലാ തലങ്ങളിലും പുതിയ അജപാലന സംരംഭങ്ങൾ തയ്യാറാക്കുമ്പോൾ, അൽമായരോട് എപ്പോഴും കൂടിയാലോചിക്കേണ്ടതുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.