ഇരുട്ടു കട്ടുതിന്നുന്നവര്‍ക്ക്, വെളിച്ചത്തിന്റെ വെള്ളച്ചാട്ടം

 ഇരുട്ടു കട്ടുതിന്നുന്നവര്‍ക്ക്, വെളിച്ചത്തിന്റെ വെള്ളച്ചാട്ടം

''Lead Kindly light, amidst the encircling gloom, lead thou me on!
The night is dark, and I am far from home; lead thou me on!'

ഈ പ്രാര്‍ഥനാഗാനം കേള്‍ക്കുകയോ ആലപിക്കുകയോ ചെയ്യാത്ത വിദ്യാര്‍ഥികള്‍ അധികമുണ്ടാവില്ല. ''നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ ചുറ്റിലുമിരുള്‍ പരന്നിടുന്ന വേളയില്‍' എന്ന പ്രശസ്ത ഗാനത്തിന്റെ ഉറവിടമാണ് ഈ ഇംഗ്ലീഷ് ഗാനം. അന്ധകാരപൂര്‍ണമായ രാത്രിയില്‍, വീട്ടില്‍നിന്നേറെ ദൂരെയാണ് ഞാന്‍. നീ എന്നെ നയിക്കണമേ എന്ന് തനിയെ ജീവിതത്തിന്റെ കുരിശും ചുമന്ന്, ഇടറി നീങ്ങുന്ന മനുഷ്യാത്മാവിന്റെ കാതുകളില്‍ കാലം പാടിയ ഈ നൂറ്റാണ്ടിന്റെ ധ്യാന ഗാനം രചിച്ചത് ജോണ്‍ ന്യൂമാന്‍ എന്ന ഒരു ക്രൈസ്തവ പുരോഹിതനായിരുന്നു.

ക്രിസ്തു മതത്തിലെ ആംഗ്ലിക്കന്‍ സഭാംഗമായിരുന്ന ജോണ്‍ മാന്‍ വിശ്വാസത്തിന്റെ സത്യദര്‍ശനം കത്തോലിക്കാസഭയില്‍ കണ്ടെത്തി, കത്തോലിക്കാ സഭാംഗമായി. കാര്‍ഡിനല്‍ ന്യൂമാന്‍ എന്ന പേരില്‍ പ്രശസ്തനായി. കത്തോലിക്കാ സഭയുടെ ദൈവശാസ്ത്രത്തിന് ആധുനിക ഭാഷ്യം ചമച്ചു എന്നതു മാത്രമല്ല, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പാശ്ചാത്യ സാഹിത്യത്തേയും സാംസ്‌കാരിക നവീകരണത്തേയും ഏറ സ്വാധീനിക്കുകയും ചെയ്തു.

മഹാനായ കാര്‍ഡിനല്‍ ന്യൂമാന്‍ അപ്രതീക്ഷിതമായി ആഞ്ഞുവീശുന്ന ദുരിതക്കാറ്റില്‍ ജീവിതത്തിന്റെ വഴിവിളക്കുകളെ ഇരുട്ടു വിഴുങ്ങുമ്പോള്‍ വീണ്ടും മുന്നേറാനുള്ള, ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെയും വെള്ളിവെളിച്ചമാണ് ദൈവവിശ്വാസം എന്ന് ഒരു നൂറ്റാണ്ടിനെ അദ്ദേഹം ധ്യാനിപ്പിച്ചു ''നിങ്ങള്‍ക്ക് വലിയ ലക്ഷ്യങ്ങളുണ്ടെങ്കില്‍ വലിയ പ്രതിബന്ധങ്ങളും ഉണ്ടാകും'' എന്നു പറഞ്ഞു കൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളെ ഈശ്വര വിശ്വാസം കൊണ്ട് നേരിടാന്‍ അദ്ദേഹം ലോകത്ത പരിശീലിപ്പിച്ചു.

നിഴലുകളില്‍ നിന്നു നിത്യസത്യത്തിലേക്ക് എന്ന തത്വം ജീവല്‍പ്രമാണമാക്കിയ കാര്‍ഡിനല്‍ ന്യൂമാന്‍ 1501 ഫെബ്രുവരി 21-ല്‍ ലണ്ടനില്‍ ജനിച്ചു. വെറും നിഗമനങ്ങള്‍ ഒരു ഹീറോയെ സൃഷ്ടിക്കുന്നില്ല എന്നു മനസിലാക്കി, ഉറച്ച ബോധ്യങ്ങളുടെ അടുക്കുകല്ലുകളില്‍ ജീവിതം പണിതുയര്‍ത്തി തന്റെ കാലത്തിന്റെ ഹീറോയായി മാറിയ അദ്ദേഹം 1890 ഓഗസ്റ്റ് 11-ന് ബര്‍മിങ്ഹാമിലാണ് അന്തരിച്ചത്. മനുഷ്യന്‍ മനുഷ്യന്റെ ശക്തിയില്‍ മാത്രം ആശ്രയിച്ച്, സ്വന്തം അസ്തിത്വത്തിന് അര്‍ഥം കണ്ടെത്തുക എന്ന് പഠിപ്പിക്കുന്ന ഹ്യൂമനിസവും അസ്തിത്വവാദവും ഭൗതികവാദവും കത്തിപ്പടര്‍ന്ന യൂറോപ്യന്‍ യുവചേതനകള്‍, ഭ്രാന്തമായ ആവേശത്തോടെ കൂരിരുട്ടിന്റെ മൂല്യങ്ങള്‍ കട്ടുതിന്നാനായി കൂട്ടുചേര്‍ന്നപ്പോള്‍, അവരുടെ ഹൃദയങ്ങളിലേക്ക് അപ്രതീക്ഷിതമായി വന്നുപതിച്ച വെളിച്ചത്തിന്റെ വെള്ളച്ചാട്ടമാണ് ന്യൂമാന്‍.

ഓരോ വ്യക്തിയും മനുഷ്യകേന്ദ്രീകൃതമായി സ്വയം പര്യാപ്തതയ്ക്കായി ശ്രമിക്കുക എന്ന യൂട്ടിലിറ്റേറിയന്‍ ചിന്തകള്‍ പടര്‍ന്നുകയറിയ കാല, ദൈവ കേന്ദ്രീകൃതമായ ജീവിതം നയിക്കാനും ദൈവമില്ലാത്ത സ്വയം പര്യാപ്തത തിന്മനിറഞ്ഞതാകുമെന്നും സധൈര്യം പ്രഘോഷിച്ച പ്രത്യാശയുടെ ദീപ സ്തൂപമാണ് ന്യൂമാന്‍, ഹൃദയം ഹൃദയത്തോടു സംസാരിക്കട്ടെ എന്ന വാക്യം ജീവിത മുദ്രയാക്കി മാറ്റിയ അദ്ദേഹം നിരവധി വിശിഷ്ട ഗ്രന്ഥങ്ങളിലൂടെ ആയിരക്കണക്കിനു ഹൃദയങ്ങളോടു സംസാരിച്ചു.

നാലര നൂറ്റാണ്ടിലെ ആര്യന്മാര്‍, അപ്പോളജിയാ, പ്രഭാഷണങ്ങള്‍, ലാഭവും നഷ്ടവും, വിശ്വാസവും മുന്‍വിധിയും, ചരിത്രരേഖകള്‍ തുടങ്ങിയ വിഖ്യാത രചനകളിലൂടെ അക്ഷയമായ അക്ഷരവെളിച്ചത്തിന്റെ അത്ഭുതദ്യുതിയായി മാറിയിരിക്കുന്നു ഇന്ന് കാര്‍ഡിനല്‍ ന്യൂമാന്‍!

മാന്യന്‍ എന്നതിന്റെ നിര്‍വചനം, ആരേയും വേദനിപ്പിക്കാത്തവന്‍ എന്നാണെന്ന് ന്യൂമാന്‍ വിശ്വസിച്ചു. ''വലിയ സ്വപ്നങ്ങള്‍ സാധിതമാക്കാന്‍ കാലതാമസം വന്നേക്കാം എന്ന് അപ്പോളജിയ എന്ന തന്റെ ആത്മകഥയിലെഴുതിയ ന്യൂമാന്‍, ഉയര്‍ന്ന ജീവിത ലക്ഷ്യം ഉറപ്പിച്ച്, ദൈവം മനസാകുന്ന കാലത്തോളം കാത്തിരുന്ന ലക്ഷ്യം നേടിയ ധീരനായ ദൈവഭക്തനാണ്. 12-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ വിശ്വാസവും യുക്തിയും തമ്മില്‍ യുദ്ധം ചെയ്തിരുന്ന കാലത്ത്, ഇരുട്ടിനെ വകഞ്ഞു നിക്കി ദൈവത്തിലേക്കു നടന്നുചെന്ന കാര്‍ഡിനല്‍ ന്യൂമാനെ, 2010 സെപ്റ്റംബര്‍ 11-ന് ബനഡിക്ട് 18-ാമന്‍ മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ക്രൈസ്തവസഭയില്‍ വിശ്വാസികളുടെ പരസ്യമായ വണക്കത്തിനായി തിരഞ്ഞെടുക്കുന്ന ദൈവ ചൈതന്യത്തിന്റെ ആള്‍രൂപങ്ങളാണ് വിശുദ്ധര്‍. കാര്‍ഡിനല്‍ ന്യൂമാന്‍ തന്റെ വിശുദ്ധമായ ജീവിതത്തിലൂടെ ലോകത്തിനു പ്രകാശമേകിയ ജീവിതമായി. ദുഖദുരിതങ്ങളില്‍ അടിപതറാതെ, നമുക്കും ജീവിതത്തെ പ്രകാശമാനമാക്കാം. ഈശ്വരഭക്തി എന്ന സത്യവെളിച്ചത്തിന്റെ വെള്ളച്ചാട്ടങ്ങളില്‍ കുളിച്ച് ആത്മാവിലെ ഇരുള്‍പ്പാടുകള്‍ കഴുകിക്കളയാം. പ്രകാശമാകാം, പ്രകാശമേകാം.

ഫാ റോയ് കണ്ണന്‍ചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തില്‍ നിന്നും.

ഫാ. റോയി കണ്ണന്‍ചിറയുടെ കൂടുതല്‍ കൃതികള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.