ഐ.എസ് ഭീകരന്‍ ഇജാസ് അഹമ്മദ് അഹംകാര്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് മലയാളികള്‍ ഉള്‍പ്പെട്ട ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍

ഐ.എസ് ഭീകരന്‍ ഇജാസ് അഹമ്മദ് അഹംകാര്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് മലയാളികള്‍ ഉള്‍പ്പെട്ട ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍

ന്യൂഡല്‍ഹി: അഫ്ഗാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ ഇജാസ് അഹമ്മദ് അഹംകാര്‍ കൊല്ലപ്പെട്ടു. കശ്മീരില്‍ ജനിച്ച ഇജാസ് അഹമ്മദ് അഹംകാര്‍ കാബൂളിലും ജലാലാബാദിലും നടന്ന ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരനാണ്. ഇന്ത്യയില്‍ നിന്ന് യുവാക്കളെ ചാവേറുകളാക്കി റിക്രൂട്ട് ചെയ്ത് ഭീകരാക്രമണത്തിന് വേണ്ടി അയക്കുന്ന ആളായിരുന്നു ഇജാസ്.

കഴിഞ്ഞ ജനുവരിയില്‍ ഇജാസ് അഹമ്മദിനെ കേന്ദ്ര സര്‍ക്കാര്‍ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ പിടികൂടാനായി അന്വേഷണം നടക്കുന്നതിനിടെയാണ് ഇജാസ് അഹമ്മദ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്.

2020 മാര്‍ച്ചില്‍ കാബൂളിലെ ഗുരുദ്വാരയില്‍ സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ 25 പേരെ കൊലപ്പെടുത്തിയ ചാവേര്‍ ബോംബാക്രമണത്തിന്റെ ആസൂത്രകനാണ് ഇജാസ് അഹമ്മദ്. ഈ ആക്രമണത്തില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുഹ്‌സിന്‍ എന്ന അബു ഖാലിദ് അല്‍ ഹിന്ദി പങ്കെടുത്തിരുന്നു.

ജലാലാബാദില്‍ മറ്റൊരു മലയാളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ ഇജാസ് കല്ലുകെട്ടിയപുരയില്‍ നടത്തിയ ചാവേര്‍ അക്രമണത്തിന്റെയും സൂത്രധാരന്‍ ഇജാസ് അഹമ്മദ് അഹംകാര്‍ ആണെന്ന് പറയപ്പെടുന്നു. ഇജാസ് കല്ലുകെട്ടിയപുരയില്‍ എന്ന മലയാളി ഭീകരന്‍ ഒരു ദന്തിസ്റ്റായിരുന്നു.

ഇതിനിടെ ഇജാസ് അഹമ്മദ് അഹംകാറിനെ കൊലപ്പെടുത്തിയത് താലിബാന്‍ ആണെന്ന വിവരവും പുറത്ത് വരുന്നുണ്ട്. അഫ്ഗാനിലെ ഇപ്പോഴത്തെ ഭരണകൂടമായ താലിബാന്‍ ഐ.എസിനെതിരെ ചില നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതിനിടയിലാണ് ഇജാസും കൊല്ലപ്പെട്ടതെന്നാണ് വിവരം. താലിബാനെ പിന്തള്ളി അഫ്ഗാനിലെ ഭരണം പിടിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി ഐ.എസ് അവിടെ നിരവധി ആക്രമണങ്ങളും നടത്തുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിലായി ഇത്തരം ആക്രമങ്ങളില്‍ ധാരാളം താലിബാന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.