ദേശീയ സ്‌കൂള്‍ കായികമേള നടക്കില്ല; ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളെ പറഞ്ഞയച്ചു

ദേശീയ സ്‌കൂള്‍ കായികമേള നടക്കില്ല; ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളെ പറഞ്ഞയച്ചു

കൊച്ചി: സ്കൂൾ കായിക താരങ്ങൾക്ക് വലിയ തിരിച്ചടിയായി ദേശീയ സ്കൂൾ കായിക മേള നടക്കുന്നതിനുള്ള സാധ്യത മങ്ങി. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാരണം. കുട്ടികൾക്ക് ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ള സാധ്യതകളാണ് ഇതിലൂടെ നഷ്ടമാകുന്നത്.

സ്കൂൾ ഗെയിംസ് ഫെഡറേഷനിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികൾ വന്നെങ്കിലും പ്രശ്നങ്ങൾ തുടരുകയാണ്. യോഗ്യതയില്ലാത്തവർ അസോസിയേഷന്റെ ഭാരവാഹിത്വത്തിലെത്തിയെന്നതാണ് പ്രശനങ്ങൾക്ക് കാരണം. ഇത് കാട്ടി ഒരു വിഭാഗം കേസ് കൊടുത്തിരിക്കുകയാണ്. പുതിയ ഭരണസമിതി അധികാരത്തിൽ വന്നെങ്കിലും ഈ അധ്യയന വർഷം തീരുന്നതിനു മുമ്പ് ദേശീയമേള നടത്താൻ കഴിയില്ലെന്ന നിലപാടിലാണ്.

ദേശീയ മേളയിലേക്ക് യോഗ്യത നേടിയ കേരളത്തിലെ കുട്ടികൾ ക്യാമ്പ് കഴിഞ്ഞാണ് മേള നടക്കാൻ സാധ്യതയില്ലെന്ന് മനസിലാക്കിയത്. നാല് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളെ അതിനുശേഷം പറഞ്ഞയക്കുകയായിരുന്നു. കുട്ടികൾക്ക് കിറ്റുൾപ്പെടെയുള്ളവ നഷ്ടപ്പെടാതിരിക്കാനാണ് ക്യാമ്പ് നടത്തിയതെന്ന് കായികാധ്യാപകർ പറയുന്നു.

ദേശീയമേള നടക്കാതെ വന്നാൽ 15 ശതമാനം വരെ ഗ്രേസ് മാർക്ക് നേടാനുള്ള സാധ്യതകളാണ് കുട്ടികൾക്ക് നഷ്ടമാകുന്നത്. ദേശീയ മേളയിൽ സ്വർണം നേടുന്നവർക്ക് 15 ശതമാനവും വെള്ളി നേടുന്നവർക്ക് 13 ശതമാനവും വെങ്കലം നേടുന്നവർക്ക് 12 ശതമാനവും ഗ്രേസ് മാർക്ക് സാധ്യതയുണ്ടായിരുന്നു. കേരളത്തെ പ്രതിനിധാനം ചെയ്ത്‌ ദേശീയ മേളയിൽ പങ്കെടുക്കുന്നവർക്ക് 10 ശതമാനം ഗ്രേസ് മാർക്കും ലഭിച്ചിരുന്നു.

മേള നടന്നില്ലെങ്കിലും കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കാൻ അവസരമൊരുക്കണമെന്നാണ് കായികാധ്യാപകർ ആവശ്യപ്പെട്ടു. സർവകലാശാലകൾ ചില ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ കഴിയാതെ വരുമ്പോൾ നോൺ പാർട്ടിസിപ്പേറ്റിങ് സർട്ടിഫിക്കറ്റ് നൽകി ഗ്രേസ് മാർക്ക് നൽകുന്ന രീതിയുണ്ട്. അത് ഇവിടെയും കൊണ്ടുവരണമെന്നാണ് കായികാധ്യാപകരുടെ ആവശ്യം. അതിന് സർക്കാർ നിയമപരമായ വശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.