ദുബായ്: കോവിഡാനന്തരം ദുബായിൽ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമായ ഗള്‍ഫ് ഫുഡില്‍ ഇത്തവണ റെക്കോർഡ് പങ്കാളിത്തം. ഇന്ത്യ ഉൾപ്പെടെ 125 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം കമ്പനികളാണ് 4 ദിവസത്തെ പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
ഗൾഫുഡിൽ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശ്രംഖലയും ഭക്ഷ്യ ഉൽപ്പാദന / വിതരണ കമ്പനിയുമായ ലുലു ഗ്രൂപ്പും ശ്രദ്ധേയ സാന്നിധ്യമായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളാണ് ലുലു ഗ്രൂപ്പ് മേളയിൽ അവതരിപ്പിച്ചത്. മേളയുടെ ആദ്യ രണ്ട് ദിവസങ്ങളിലായി ലുലു ഗ്രൂപ്പ് വിവിധ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിതരണത്തതിനായി ആറ് ധാരണാ പത്രങ്ങളും ഒപ്പിട്ടു. കേന്ദ്ര സർക്കാർ സ്ഥാപനമായ എപിഇഡിഎയുമായി കാർഷികോൽപ്പന്നങ്ങൾ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നതിനുള്ള ധാരണാ പത്രമാണ് ഇതിൽ പ്രധാനം.
നിലവിൽ ലുലു ഗ്രൂപ്പ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 52000 മെട്രിക് ടൺ പഴം പച്ചക്കറികളാണ് ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റു മതി ചെയുന്നത്. ഗൾഫുഡിൽ ഒപ്പിട്ട ധാരണാ പ്രകാരം കയറ്റുമതി 20 ശതമാനം വർധിക്കുമെന്നാണ് വിലയിരുത്തൽ. വേൾഡ് ട്രേഡ് സെന്‍ററില്‍ നടന്ന ചടങ്ങിൽ ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ ഡോ: അമൻ പുരി, എപിഇഡിഎ ചെയർമാൻ എം. അംഗമുത്തു, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് സി ഒ ഒ വി ഐ സലീമും എപിഇഡിഎ ഡയറക്ടർ തരുൺ ബജാജുമാണ് ധാരണാ പത്രത്തിൽ ഒപ്പ് വെച്ചത് . ഉത്തർപ്രദേശ് ഭക്ഷ്യ വിതരണ മന്ത്രാലയവുമായി ഒപ്പിട്ട മറ്റൊരു ധാരണപ്രകാരം സംസ്ഥാനത്തുനിന്ന് കാർഷികോൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ ധാരണയായി. ഉത്തർപ്രദേശ് ഹോർട്ടികൾചർ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിലാണ് ധാരണപത്രം ഒപ്പിട്ടത്. രേണുക ഷുഗർ മിൽസുമായുളള ധാരണ പ്രകാരം ലുലു ബ്രാൻഡ് പഞ്ചസാര വിപണിയിൽ എത്തിക്കും.
ഒട്ടക പക്ഷിയിറച്ചി വിപണിയിൽ എത്തിക്കുന്നതിനായി ഓസ്ട്രിച്ച് ഒയാസിസ് എന്ന എമിറാത്തി കമ്പനിയുമായി ധാരണയായി. അമേരിക്കൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനായി അമേരിക്കൻ ഭക്ഷ്യ കമ്പനിയായ ഹെർസ്സുമായി ധാരണാപത്രം ഒപ്പിട്ടു. ആസ്‌ത്രേലിയയിലെ വിക്ടോറിയ സംസ്ഥാനവുമായി നടന്ന ധാരണയുടെ അടിസ്ഥാനത്തിൽ മെൽബണിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ ലുലു ഗ്രൂപ്പ് ലോജിസ്റ്റിക്സ് ഓഫിസ് പ്രവർത്തനം ആരംഭിക്കുമെന്ന് എം എ യൂസഫലി അറിയിച്ചു.
അമേരിക്ക, യു കെ ഉൾപ്പെടെ ലോകത്തിലെ പ്രമുഖ രാജ്യങ്ങളിലെല്ലാം ഭക്ഷ്യ സംഭരണ വിതരണ കേന്ദ്രങ്ങൾ ഉള്ള ലുലു മെൽബണിലും പ്രവർത്തനം ആരംഭിക്കുന്നതോടെ ആസ്ത്രേലിയയിൽ നിന്നുള്ള കൂടുതൽ ഉൽപ്പനങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാകും. ഉന്നത ഗുണനിലവാരമുളള ലുലു ബ്രാൻഡ് ഭക്ഷ്യ ഉത്പന്നങ്ങളും ഗൾഫുഡിൽ വെച്ച് വിപണിയിലിറക്കി. പോർച്ചുഗൽ, ജോർജിയ, ഇന്ത്യ, ആസ്‌ത്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഓർഗാനിക് തേൻ, നെയ്യ് , മിനറൽ വാട്ടർ, വിനാഗിരി ഉൾപ്പെടെയുള്ളവയാണ് പുറത്തിറക്കിയത്.
ലുലു ഗ്രൂപ്പ് സി ഇ ഒ സെഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ എം എ സലിം, എം എം അൽത്താഫ്, ആനന്ദ് റാം എന്നിവരും സംബന്ധിച്ചു. ഗൾഫുഡിനോടനുബന്ധിച്ച് ഈ മാസം 23 മുതൽ മാർച്ച് 8 വരെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലുലു ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.