മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സമ്പന്നര്‍ക്കും പണം: ഒരു ഡോക്ടര്‍ നല്‍കിയത് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; വ്യാപക തട്ടിപ്പ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സമ്പന്നര്‍ക്കും പണം: ഒരു ഡോക്ടര്‍ നല്‍കിയത് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; വ്യാപക തട്ടിപ്പ്

തിരുവനന്തപുരം: ഏറ്റവും പാവപ്പെട്ടവന്റെ അത്താണിയായ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ നടന്ന വൻ തട്ടിപ്പിൽ സഹായം ലഭിച്ചവരുടെ കൂട്ടത്തിൽ സമ്പന്നരായ വിദേശമലയാളികളും. ഇടനിലക്കാര്‍ വഴി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ സർട്ടിഫിക്കറ്റുകൾ അനുവദിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിജിലൻസിന്റെ കണ്ടെത്തിൽ. വൻ തട്ടിപ്പ് നടന്നിട്ടുള്ളതായി ബോധ്യപ്പെട്ടത്തോടെ വ്യാപക പരിശോധന നടത്താനുള്ള നീക്കത്തിലാണ് വിജിലൻസ്.

കുടുംബ വാർഷിക വരുമാനം ഒരുലക്ഷം കവിയരുതെന്ന വ്യവസ്ഥ മറികടന്നാണ് എറണാകുളത്ത് സമ്പന്നരായ വിദേശ മലയാളിക്ക് ധനസഹായം നൽകിയത്. രണ്ട് ആഡംബര കാറുകളും വലിയ കെട്ടിടവുമുള്ള ആൾക്ക് ചികിത്സാ സഹായമായി കിട്ടിയത് മൂന്നു ലക്ഷം രൂപ. ഇദ്ദേഹത്തിന്റെ ഭാര്യ അമേരിക്കയിൽ നഴ്സുമാണ്. മറ്റൊരു വിദേശമലയാളിക്ക് 45,000 രൂപയും അനുവദിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സാച്ചിലവ് രേഖപ്പെടുത്താത്ത അപേക്ഷയിലും ധനസഹായം നൽകി.

മരിച്ചവരുടെ പേരിലും പോലും ചികിത്സാ സഹായം തട്ടിയിട്ടുണ്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മരിച്ചവരുടെ പേരിൽ ചികിത്സാ സഹായം തട്ടിയെടുത്തത്. കൈക്കൂലി വാങ്ങി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി ഡോക്ടർമാരും തട്ടിപ്പിൽ ഒത്താശ ചെയ്യുന്നതായി കണ്ടെത്തി. ഇതിനായി പുനലൂരിൽ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ്.

ഓൺലൈൻ അപേക്ഷയ്ക്കൊപ്പം നൽകുന്ന സർട്ടിഫിക്കറ്റുകൾ മിക്കതും വ്യാജമാണ്. സൂക്ഷ്മ പരിശോധനയില്ല. കാസർകോട്ട് ഒരേ കൈയക്ഷരത്തിലുള്ള രണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ രണ്ട് ഡോക്ടർമാരാണ് ഒപ്പിട്ടിട്ടുള്ളത്. ആധാർ, റേഷൻകാർഡ് പകർപ്പ് നൽകാത്തവർക്കും അപേക്ഷയിൽ ഒപ്പില്ലാത്തവർക്കും പണം കിട്ടി.

മുണ്ടക്കയം സ്വദേശിക്ക് ഹൃദ്രോഗത്തിന് 2017ൽ കോട്ടയം കളക്ടറേറ്റ് 5000 രൂപയും 2019ൽ ഇടുക്കി കളക്ടറേറ്റ് 10,000രൂപയും അനുവദിച്ചു. ഇതേവ്യക്തിക്ക് കാൻസർ ചികിത്സാ സഹായമായി കോട്ടയം കളക്ടറേറ്റ് 10,000 രൂപ 2020ൽ നൽകി. ഇയാൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ എല്ലുരോഗ വിദഗ്ദ്ധനാണ്. 

കരുനാഗപ്പള്ളിയിൽ ഒരു വീട്ടിലെ എല്ലാവർക്കും രണ്ട് ഘട്ടമായി ഒരു ഡോക്ടർ നാല് സർട്ടിഫിക്കറ്റുകൾ നൽകി. പാലക്കാട്ട് ഹൃദ്രോഗത്തിന് അഞ്ച് സർട്ടിഫിക്കറ്റ് നൽകിയത് ആയുർവേദ ഡോക്ടറാണ്. അഞ്ചുതെങ്ങിൽ കരൾ രോഗിക്ക് ഹൃദ്രോഗ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പണം നൽകി

കളക്ടറേറ്റുകളിൽ ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഏജന്റുമാരും ഒത്തുകളിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഇതിനായി ഇവർ വ്യാജ മെഡിക്കൽ, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കും. അപേക്ഷയിലെ ഫോൺ നമ്പർ പലേടത്തും ഏജന്റുമാരുടേതാണ്. തിരുവനന്തപുരത്ത് 16 അപേക്ഷകളിലും ഫോൺനമ്പർ ഒരു ഏജന്റിന്റെതാണെന്ന് കണ്ടെത്തി.

ഇടുക്കിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പേരും രോഗവും പലവട്ടം തിരുത്തി. രോഗികളറിയാതെ അവരുടെ പേരിൽ അപേക്ഷകൾ നൽകുന്നു. പരിശോധനയോ മാനദണ്ഡങ്ങളോ ഇല്ലാതെ പണം അനുവദിക്കുകയാണെന്നും പരിശോധനയിൽ കണ്ടെത്തി. വരും ദിവസങ്ങളിലും തുടരുന്ന റെയ്ഡ് പൂർത്തിയായാലേ രതട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂവെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.