സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പൊതുതിരഞ്ഞെടുപ്പ് ദിവസം അവധി നല്‍കണം : ലേബര്‍ കമ്മീഷണര്‍

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് പൊതുതിരഞ്ഞെടുപ്പ് ദിവസം അവധി നല്‍കണം : ലേബര്‍ കമ്മീഷണര്‍

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി പൊതുതിരഞ്ഞെടുപ്പ് ദിവസം അവധി നല്‍കണമെന്ന് നിര്‍ദേശിച്ചു ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതി നാഥ് ഉത്തരവായി.(ഉത്തരവ് നമ്പര്‍. ഇഎന്‍(2) 12781/2020 തീയതി: 02.12.2020).

ഡിസംബര്‍ 8-ാം തീയതി പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി ജില്ലകളിലേയും 10-ാം തീയതി പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം,എറണാകുളം, തൃശൂര്‍,പാലക്കാട്,വയനാട് ജില്ലകളിലേയും 14-ാംതിയതി പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലേയും സ്വകാര്യ ,വാണിജ്യ ,വ്യവസായ ,വ്യാപാര സ്ഥാപനങ്ങളിലൊ മറ്റ് ഏതെങ്കിലും സ്ഥാപനങ്ങളിലൊ ജോലി ചെയ്യുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയുളള അവധി അനുവദിക്കണം.

ഇത്തരത്തില്‍ അവധി നല്‍കുന്നത് വഴി തൊഴിലാളികളുടെ വേതനം കുറവ് ചെയ്യുകയോ വേതനം അനുവദിക്കാതിരിക്കുകയോ ചെയ്യരുത്.അപ്രകാരം ഒരാളിന് അവധി അനുവദിക്കുന്നത് അയാള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമോ സാരവത്തായ നഷ്ടമോ ഇടവരുന്നെങ്കില്‍ അയാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിലേര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് ബന്ധപ്പെട്ട വോട്ടെടുപ്പ് ദിവസം ജില്ലയിലെ പോളിങ്ങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണം.

ഈ ഉത്തരവ് ഐ.ടി , പ്ലാന്റേഷന്‍ മേഖല എന്നിവ ഉള്‍പ്പെടെയുളള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 20/11/2020 തീയതിയിലെ ബി 33870/2020/ നമ്പര്‍ കത്ത് പ്രകാരമാണ് ഉത്തരവായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.