കെ.ടി.യു വി.സി: ഹൈക്കോടതി വിധി ചോദ്യം ചെയ്യാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം

കെ.ടി.യു വി.സി: ഹൈക്കോടതി വിധി ചോദ്യം ചെയ്യാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം

തിരുവനന്തപുരം: വിസി നിയമനത്തിൽ സർക്കാരിന് അധികാരമുണ്ടെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്യാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. സാങ്കേതിക സര്‍വകലാശാലയില്‍ വൈസ് ചാൻസിലറെ നിയമിക്കാൻ മൂന്ന് പേരുകളടങ്ങിയ പാനൽ സർക്കാർ നൽകിയത്തിന് പിന്നാലെയാണ് വീണ്ടും നിയമ യുദ്ധത്തിനുള്ള സാധ്യത ഗവർണർ ആരാഞ്ഞത്. കേരളത്തിന് പുറത്തായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യാഴാഴ്ച തിരിച്ചെത്തിയ ശേഷം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.

ഗവര്‍ണര്‍ നിയമിച്ച താത്‌കാലിക വി.സി ഡോ. സിസാ തോമസിനെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ലെന്നാണ് നിയമോപദേശത്തിലെ പ്രധാന നിരീക്ഷണം. നിയമന രീതിയും കോടതി ചോദ്യം ചെയ്തിട്ടില്ല. സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പാനലില്‍നിന്ന് താത്‌കാലിക വി.സി.യെ നിയമിക്കാനും നിര്‍ദേശിച്ചിട്ടില്ല. ഇക്കാരണങ്ങളാൽ സര്‍ക്കാര്‍ പാനല്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് നിയമോപദേശം.

സാങ്കേതിക സര്‍വകലാശാലാ കേസിലെ സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക്‌ ചേരുന്നതല്ല ഹൈക്കോടതി വിധിയെന്നും വാദമുണ്ട്. മാത്രവുമല്ല സര്‍ക്കാര്‍ പാനലില്‍ നിര്‍ദേശിക്കപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ബൈജു ബായ് നേരത്തേ വി.സി.യാവാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ച വ്യക്തിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സിസാ തോമസിന്റെ സര്‍വീസ് കാലാവധി ഏപ്രിലില്‍ അവസാനിക്കും. ഇക്കാലയളവില്‍ത്തന്നെ വിരമിക്കുന്നവരാണ് പാനലില്‍ ശുപാര്‍ശ ചെയ്യപ്പെട്ട മൂന്നു പേരെന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള മറ്റൊരു പ്രശ്നം. പാനലില്‍ തീരുമാനമെടുക്കുന്നത് ഗവര്‍ണര്‍ വൈകിച്ചാല്‍ മറ്റു വഴികളൊന്നുമില്ല. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.