റായ്പൂര്‍: കോണ്‍ഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഇന്ന് തുടക്കമാകും. പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമോ എന്നതില്‍ അന്തിമ തീരുമാനം ഇന്ന് രാവിലെ പത്തിന് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയില്‍ ഉണ്ടാകും.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ്റ്റിയറിങ് കമ്മിറ്റിയില്‍ പങ്കെടുക്കില്ല. ശശി തരൂര്‍ പ്രവര്‍ത്തക സമിതിയിലേക്ക് എത്തുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്.
പ്രവര്‍ത്തക സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിനെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ പിന്തുണക്കുമ്പോഴും ഭൂരിഭാഗം നേതാക്കള്‍ക്കും തിരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടാണ്. പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കും എന്നാണ് തിരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നവരുടെ വാദം.
കേരളത്തില്‍ നിന്ന് ശശി തരൂര്‍, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. മുരളീധരന്‍ തുടങ്ങിയവരുടെ പേരുകള്‍ പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്. പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെയും മുല്ലപ്പള്ളിയെയും പ്രവര്‍ത്തക സമിതിയിലേക്ക് എത്തിച്ചേക്കും എന്നാണ് സൂചന.
മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിയുമ്പോള്‍ സാമുദായിക സമവാക്യം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ലോക്സഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പ്ലീനറിയിലെ പ്രധാന ചര്‍ച്ച. തിരഞ്ഞെടുപ്പിനെ നേരിടാന്‍ മതേതര ജനാധിപത്യ പാര്‍ട്ടികളുടെ ഐക്യം അനിവാര്യമെന്നാണ് പൊതുവേയുള്ള അഭിപ്രായം.
മൂന്ന് ദിവസം നീളുന്ന പ്ലീനറി സമ്മേളനത്തില്‍ 15000 പ്രതിനിധികള്‍ പങ്കെടുക്കും. ഇവരില്‍ 1338 പേര്‍ക്കാണ് വോട്ടവകാശം. ആറ് പ്രമേയങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിറിന്റെ തുടര്‍ച്ചയാകും ചര്‍ച്ചകള്‍. പ്രവര്‍ത്തക സമിതിയംഗങ്ങളുടെ എണ്ണം കൂട്ടല്‍, സമിതികളില്‍ 50 ശതമാനം യുവാക്കള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം തുടങ്ങിയ തീരുമാനങ്ങളുണ്ടായേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.