ജഡ്ജി നിയമന അധികാരം കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു; പിണറായി വിജയന്‍

ജഡ്ജി നിയമന അധികാരം കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു; പിണറായി വിജയന്‍

കൊല്ലം: ജഡ്ജി നിയമന അധികാരം ജുഡീഷ്യറിയില്‍ നിന്ന് കവര്‍ന്നെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരമോന്നത കോടതികളെ പോലും കേന്ദ്രസര്‍ക്കാര്‍ വിലയ്‌ക്കെടുക്കാന്‍ ഉള്ള ശ്രമം നടത്തുകയാണ്. മാധ്യമങ്ങള്‍ കടുത്ത നിയന്ത്രണത്തിനും സെന്‍സര്‍ഷിപ്പിനും വിധേയമാകുന്നു. മതപനിരപേക്ഷത അടക്കമുള്ളവ അംഗീകരിക്കാത്ത സംഘപരിവാര്‍ സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

മതേതര രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠത രാഷ്ട്രമാക്കാന്‍ സാധിക്കുമോ എന്നാണ് ബിജെപി ചിന്തിക്കുന്നത്. സംഘപരിവാര്‍ സംവാദങ്ങളെ ഭയക്കുന്നു. ഗവര്‍ണര്‍ സ്ഥാനം, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്നിവ ഉപയോഗിച്ച് പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് മേല്‍ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നു.

ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലനില്‍പ്പ് പോലും ഭീഷണിയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാറിന്റെ ഇടപെടലാണ് കേരളത്തിലെ സര്‍വകലാശാലയില്‍ കാണുന്നത്. കോടതി വിധിയുടെ മറവില്‍ യൂണിവേഴ്‌സിറ്റികളില്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കാനാണ് ശ്രമം ഉണ്ടായത്.

ബിജെപിക്കെതിരെ പോരാടുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ഉള്ള ശ്രമം നടക്കുന്നു. കേരള വികസനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന കിഫ്ബി പോലെയുള്ള സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്.

സംസ്ഥാനങ്ങള്‍ മൊത്തം ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനം കടമെടുക്കാവൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കടമെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്നും പിണറായി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.