കെ.എസ്.ഇ.ബി പെന്‍ഷന്‍കാരുടെ ഇന്‍ഷ്വറന്‍സില്‍ നാല് കോടിയുടെ വെട്ടിപ്പ്; ആക്ഷേപം ഭരണാനുകൂല സംഘടനയ്‌ക്കെതിരെ

കെ.എസ്.ഇ.ബി പെന്‍ഷന്‍കാരുടെ ഇന്‍ഷ്വറന്‍സില്‍ നാല് കോടിയുടെ വെട്ടിപ്പ്; ആക്ഷേപം ഭരണാനുകൂല സംഘടനയ്‌ക്കെതിരെ

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ പെൻഷൻകാർക്കായി ഏർപ്പെടുത്തിയ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയിൽ വെട്ടിപ്പ്. നാലുകോടി രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. പെൻഷൻകാരിൽ നിന്ന് പ്രീമിയമായി 20 കോടി രൂപ പിരിച്ചെടുത്ത ശേഷം 16 കോടിയുടെ മാത്രം ആനുകൂല്യം നൽകിയാൽ മതിയെന്ന് ഇൻഷ്വറൻസ് കമ്പനിയുമായി കരാറുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

കെ.എസ്.ഇ.ബിയിലെ സി.ഐ.ടി.യു അനുകൂല സംഘടനയായ എംപ്ളോയീസ് അസോസിയേഷന്റെ പെൻഷണേഴ്സ് വിഭാഗമായ കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷനാണ് പെൻഷൻകാർക്കായി ആരോഗ്യ ഗ്രൂപ്പ് ഇൻഷ്വറൻസ് നടപ്പാക്കുന്നത്.

38,000 പേരുള്ള ആകെ പെൻഷൻകാരിൽ 8369 പേരാണ് ഇൻഷ്വറൻസിൽ ചേർന്നിട്ടുള്ളത്. ഒരുലക്ഷം ആനുകൂല്യത്തിന് 1165 രൂപയും രണ്ടുലക്ഷം ആനുകൂല്യത്തിന് 2175 രൂപയുമാണ് പ്രീമിയം. അങ്ങനെ 19.80 കോടിരൂപ 8369 പേരിൽ നിന്നായി പിരിച്ചെടുത്തു. എന്നാൽ 16 കോടി മാത്രമാണ് കമ്പനിക്ക് നൽകിയത്. 

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നൽകുന്ന മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് കെ.എസ്.ഇ.ബിയിലില്ല. സർവീസിലുള്ളവർക്ക് മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് കിട്ടും. പെൻഷൻ ആയാൽ അതില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ ഗ്രൂപ്പ് ഇൻഷ്വറൻസ് നടപ്പാക്കിയത്. ഇതിന്റെ പ്രീമിയം പെൻഷൻ തുകയിൽ നിന്ന് പിടിച്ച് കെ.എസ്.ഇ.ബി അസോസിയേഷന് കൈമാറും. അസോസിയേഷനാണ് നാഷണൽ ഇൻഷ്വറൻസ് കമ്പനിക്ക് പണം അടയ്ക്കുന്നത്.

ഇൻഷ്വറൻസ് കമ്പനിക്ക് നഷ്ടമുണ്ടാകാതിരിക്കാനാണ് 16 കോടി രൂപ വരെയുള്ള ഇൻഷ്വറൻസ് പരിരക്ഷ നൽകിയാൽ മതിയെന്ന സ്റ്റോപ്പ് ലോസ് വ്യവസ്ഥ വച്ചതെന്നാണ് പറയപ്പെടുന്നത്. ഇതോടെ കൂടുതൽ ഇൻഷ്വറൻസ് ക്ളെയിം വന്നാൽ എല്ലാവർക്കും ആനുകൂല്യം കിട്ടാത്ത സ്ഥിതിയുണ്ടാകും. അതുകൊണ്ടാണ് പദ്ധതിയിൽ കൂടുതൽപേർ ചേരാതെ മാറിനിൽക്കുന്നതെന്നാണ് എതിർപക്ഷ സംഘടനാ ഭാരവാഹികൾ പറയുന്നത്. 

രോഗങ്ങൾ മൂലം കഷ്ടപ്പെടുന്നവരും സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരുമാണ് അസോസിയേഷന്റെ ഇൻഷ്വറൻസിൽ ചേരാൻ നിർബന്ധിതരാകുന്നത്. മാർച്ച് 15 നാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെ സഹകരണത്തോടെ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനെതിരെ പെൻഷണേഴ്സ് കൂട്ടായ്മ വൈദ്യുതി മന്ത്രിക്കും കെ.എസ്.ഇ.ബി ചെയർമാനും പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.