വാഷിങ്ടണ്‍: ഇലക്ട്രോ തെറാപ്പിയിലൂടെ മുറിവ് 30 ശതമാനം വേഗത്തില്‍ ഉണക്കാന്‍ സാധിക്കുന്ന ബാന്‍ഡേജ് വികസിപ്പിച്ച് ഗവേഷകര്‍. യുഎസിലെ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തിലുള്ള ബാന്‍ഡേജ് വികസിപ്പിച്ചത്. ഈ ബാന്‍ഡേജ് ഉപയോഗിച്ചാല്‍ മുറിവ് മുപ്പത് ശതമാനം വേഗത്തില്‍ ഉണങ്ങുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ചെറുതും വലിച്ച് നീട്ടാന്‍ സാധിക്കുന്നതുമായ ബാന്‍ഡേജാണിത്. എലികളില്‍ നടത്തിയ പഠനത്തില്‍ പ്രമേഹം കാരണം ഉണ്ടാകുന്ന വ്രണങ്ങള്‍ ഈ ബാന്‍ഡേജ് ഉപയോഗിച്ചാല്‍ പെട്ടെന്ന് ഭേദമാകുന്നതായി കണ്ടെത്തി. ഇതിന്റെ പഠന റിപ്പോര്‍ട്ട് സയന്‍സ് അഡ്വാന്‍സസ് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു.
മുറിവേറ്റിടത്ത് നേരിട്ട് ഇലക്ട്രോ തെറാപ്പി നല്‍കി മുറിവുണക്കുന്ന രീതിയാണിത്. ചെലവു കുറഞ്ഞതും സുരക്ഷിതവും മുറിവുകള്‍ മൂടിക്കെട്ടുന്നതില്‍ കാര്യക്ഷമവുമാണ് ഇത്തരം ബാന്‍ഡേജുകളെന്നു വ്യക്തമാക്കുന്നു ഗവേഷകര്‍. കൂടുതല്‍ ഇന്‍ഫെക്ഷന്‍ ഇല്ലാതിരിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഇ-ബാന്‍ഡേജെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ഡാനിയല്‍ ഹേല്‍ വില്ല്യംസ് വ്യക്തമാക്കുന്നു.
മുറിവ് ഉണങ്ങുന്ന പ്രക്രിയ നിരീക്ഷിക്കാനുള്ള ശേഷി ഈ ബാന്‍ഡേജിനുണ്ട്. ഇനി ആവശ്യമില്ലെന്ന സാഹചര്യമായാല്‍, ബാന്‍ഡേജ് അപകട രഹിതമായി അതിലെ ഇലക്ട്രോഡുകള്‍ ഉള്‍പ്പടെ, സ്വയം അലിഞ്ഞ് ഇല്ലാതാകുന്നു. പ്രമേഹ രോഗികള്‍ക്ക് ഈ ബാന്‍ഡേജ് വളരെ ഉപകാരപ്പെടുമെന്ന് ഇത് വികസിപ്പിച്ച ഗവേഷകര്‍ അവകാശപ്പെടുന്നത്.
പ്രമേഹ രോഗികള്‍ക്ക് പാദങ്ങള്‍ക്കിടയിലും മറ്റും ഉണ്ടാകുന്ന വ്രണങ്ങള്‍ പല തരത്തിലുള്ള ആരോഗ്യ സങ്കീര്‍ണതകള്‍ക്കും വഴിവയ്ക്കാറുണ്ട്. കാലുകള്‍ മുറിച്ച് മാറ്റേണ്ട അവസ്ഥയ്ക്ക് പോലും ഇത് കാരണമായേക്കാം. പ്രമേഹ രോഗികളിലെ അണുബാധ അണുബാധ വളരെ അപകടകാരികളാണെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഗില്ലെര്‍മോ എ. അമീര്‍ പറഞ്ഞു.
ചെലവ് കുറഞ്ഞ രീതിയില്‍ പ്രമേഹ രോഗികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ആവശ്യമുണ്ട്. തങ്ങളുടെ ബാന്‍ഡേജ് ചെലവ് കുറഞ്ഞതും സുഖപ്രദവും മുറിവ് കൂടുതല്‍ സങ്കീര്‍ണമാകുന്നത് തടയുകയും ചെയ്യുമെന്ന് അമീര്‍ പറഞ്ഞു. ഈ ബാന്‍ഡേജ് ഇലക്ട്രോണിക് ഉപകരണം ആണെങ്കില്‍ പോലും മുറിവുമായി മുഖാമുഖം നില്‍ക്കുന്ന ഇതിന്റെ ഘടകങ്ങള്‍ പൂര്‍ണമായും വിഘടിക്കുന്നവയാണ്.
ഈ ബാന്‍ഡേജിന്റെ ഒരു ഭാഗത്ത് രണ്ട് ഇലക്ട്രോഡുകളാണ് അടങ്ങിയിരിക്കുന്നത്. പൂവിന്റെ ആകൃതിയുള്ള ചെറിയ ഇലക്ട്രോഡ് മുറിവിന്റെ തൊട്ടു മുകളിലായിട്ടായിരിക്കും സ്ഥാപിക്കുക. ഒരു വളയത്തിന്റെ ആകൃതിയുള്ള രണ്ടാമത്തെ ഇലക്ട്രോഡ് മുറിവിനെ മൊത്തം ചുറ്റിപ്പറ്റി ആരോഗ്യമുള്ള കോശത്തില്‍ നിലയുറപ്പിക്കുന്നു.
ബാന്‍ഡേജിന്റെ അടുത്ത ഭാഗത്തുള്ളത് ഒരു കോയിലാണ്. ഇതാണ് ബാന്‍ഡേജിന്റെ പ്രവര്‍ത്തനത്തിനുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നത്.
മുറിവ് എത്രമാത്രം ഉണങ്ങി എന്ന് വിലയിരുത്താനായി സെന്‍സറുകളും ഇതില്‍ ഉണ്ട്. ഇതിലൂടെ ഡോക്ടര്‍മാര്‍ക്ക് മുറിവ് ഉണങ്ങുന്നതിന്റെ പുരോഗതി വിലയിരുത്താനും സാധിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.