ദൂരദർശനിലും ആകാശവാണിയിലും ഇനി മോഡി 'സ്തുതികൾ'; ആർ.എസ്.എസ് ആഭിമുഖ്യ വാർത്ത ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറുമായി പ്രസാർ ഭാരതി 7.7 കോടിയുടെ കരാർ ഒപ്പുവച്ചു

ദൂരദർശനിലും ആകാശവാണിയിലും ഇനി മോഡി 'സ്തുതികൾ'; ആർ.എസ്.എസ് ആഭിമുഖ്യ വാർത്ത ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറുമായി പ്രസാർ ഭാരതി 7.7 കോടിയുടെ കരാർ ഒപ്പുവച്ചു

ന്യൂഡൽഹി: ദൂരദർശനും ആകാശവാണിയും ഉൾപ്പെടുന്ന ഇന്ത്യയിലെ പൊതുമേഖല വർത്താ ഏജൻസിയായ പ്രസാർ ഭാരതി ദൈനംദിന വാർത്തകൾക്കായി ഹിന്ദുസ്ഥാൻ സമാചാറുമായി കരാർ ഒപ്പുവച്ചു. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്)ന്റെ പിന്തുണയുള്ള വാർത്താ ഏജൻസിയാണ് ഹിന്ദുസ്ഥാൻ സമാചാർ. 

ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഫഷണൽ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള (പിടിഐ) സബ്സ്‌ക്രിപ്ഷൻ 2020ൽ പ്രസാർ ഭാരതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹിന്ദുസ്ഥാൻ സമാചാറുമായി ഔദ്യോഗികമായി കരാർ ഒപ്പിട്ടിരിക്കുന്നത്. 7.7 കോടിക്കാണ് കരാർ.

2017 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഹിന്ദുസ്ഥാൻ സമാചാർ പ്രസാർ ഭാരതിക്ക് വാർത്തകൾ സൗജന്യമായി നൽകിയിരുന്നു. പിന്നീട് 2023 ഫെബ്രുവരി ഒമ്പതിന് ഇരു ഏജൻസികളും ഔദ്യോഗിക കരാർ ഒപ്പുവച്ചു.

2025 മാർച്ചിൽ അവസാനിക്കുന്ന രണ്ട് വർഷത്തെ സബ്‌സ്‌ക്രിപ്ഷനാണ് ഒപ്പുവച്ചിരിക്കുന്നത്. കുറഞ്ഞത് 10 ദേശീയ വാർത്തകളും പ്രാദേശിക ഭാഷകളിലുള്ള 40 പ്രാദേശിക വാർത്തകളും ഉൾപ്പെടെ ദിവസവും 100 വാർത്തകൾ ഹിന്ദുസ്ഥാൻ സമാചാർ നൽകും. 

അന്യായ സബ്സ്‌ക്രിപ്ഷൻ ഫീസ് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നരേന്ദ്ര മോഡിക്ക്‌ താൽപ്പര്യം ഇല്ലാത്ത വാർത്താ ഏജൻസികളായ പിടിഐ, യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎൻഐ) എന്നിവയുമായി സേവനങ്ങൾ അവസാനിപ്പിക്കാൻ 2017 യിൽ സർക്കാർ പബ്ലിക് ബ്രോഡ്കാസ്റ്ററിന് നിർദ്ദേശം നൽകിയിരുന്നു. രണ്ട് ഏജൻസികൾക്കും പ്രതിവർഷം 15.75 കോടി രൂപ നൽകിയിരുന്നത്. 

പിടിഐയും യുഎൻഐയും സർക്കാർ താല്പര്യ വാർത്തകൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നും സർക്കാർ വൃത്തങ്ങളിൽ നിന്ന് ആക്ഷേപം ഉണ്ടായിരുന്നു. അതിനിടെയാണ് പിടിഐയെയും യുഎൻഐയെയും നീക്കം ചെയ്യാനും ഹിന്ദുസ്ഥാൻ സമാചാറിനെ പ്രക്ഷേപണത്തിന്റെ പ്രാഥമിക വാർത്താ ഏജൻസിയായി ഉൾപ്പെടുത്താനും സർക്കാരിന്റെ സമ്മർദ്ദം പ്രസാർ ഭാരതിയിലുണ്ടായത്. 

പിടിഐയുടെ എഡിറ്റർ ഇൻ ചീഫായിരുന്ന എം.കെ. റസ്ദാൻ പടിയിറങ്ങിയ ശേഷം തങ്ങളുടെ നോമിനിയെ തിരഞ്ഞെടുക്കാൻ മോഡി സർക്കാർ പിടിഐയിൽ ബോർഡിൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ സർക്കാരിന്റെ ശ്രമങ്ങളെ അവഗണിച്ച് ബോർഡ് മുതിർന്ന പത്രപ്രവർത്തകൻ വിജയ് ജോഷിയെ പിടിഐയുടെ എഡിറ്റോറിയൽ തലവനായി നിയമിച്ചു.

2017ൽ സെൻട്രൽ ഡൽഹിയിലെ കെട്ടിടത്തിൽ നിന്ന് മാറാൻ നിർബന്ധിതരായതിനെത്തുടർന്ന് പിടിഐയും പ്രസാർ ഭാരതിയും നല്ല ബന്ധത്തിലായിരുന്നില്ലെന്ന് മുൻ ഐ ആൻഡ് ബി സെക്രട്ടറിയെ ഉദ്ധരിച്ച് ദി വയർ റിപ്പോർട്ട് ചെയ്തു.

2014 മുതൽ പിടിഐയുടെ സ്വതന്ത്ര വാർത്താ കവറേജിൽ മോഡി സർക്കാരിന് എതിർപ്പുണ്ട്. ലഡാക്ക് സംഘർഷത്തെക്കുറിച്ചുള്ള പിടിഐയുടെ വാർത്തകൾ ദേശീയ താൽപ്പര്യത്തിന് ഹാനികരമാണെന്നും ഇന്ത്യയുടെ അഖണ്ഡതക്ക് തുരങ്കം വയ്ക്കുന്നതാണെന്നും 2020 ൽ മുതിർന്ന പ്രസാർ ഭാരതി ഉദ്യോഗസ്ഥനായ സമീർ കുമാർ പിടിഐയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർക്ക് കത്തെഴുതിയിരുന്നു.

പൊതുതാത്പര്യത്തിന് ഹാനികരമായ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെ പ്രസാർ ഭാരതി ഇടയ്ക്കിടെ മുന്നറിയിപ്പ് നൽകിയിരുന്നതായും കത്തിൽ പരാമർശമുണ്ടായിരുന്നു. ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയുമായും ചൈനയിലെ ഇന്ത്യൻ അംബാസഡറുമായും പിടിഐ നടത്തിയ അഭിമുഖങ്ങളും സർക്കാരിനെ ചൊടിപ്പിച്ചിരുന്നു.

റിപ്പോർട്ടർമാരുടെയും ഫോട്ടോഗ്രാഫർമാരുടെയും ഏറ്റവും വലിയ ശൃംഖലയുള്ള പിടിഐയെ ഒഴിവാക്കി അധികം അറിയപ്പെടാത്ത ഹിന്ദുസ്ഥാൻ സമാചാറുമായി ബന്ധം സ്ഥാപിക്കുന്നത് കാവി വാർത്താ ശൃംഖല നിർമിക്കാനാണെന്നാണ് വിമർശിക്കപ്പെടുന്നത്. 

ഹിന്ദുസ്ഥാൻ സമാചാർ എന്ന ബഹുഭാഷാ വാർത്താ ഏജൻസി 1948 ലാണ് സ്ഥാപിക്കപ്പെട്ടത്. മുതിർന്ന ആർഎസ്എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്തിന്റെ സഹസ്ഥാപകനുമായ ശിവറാം ശങ്കർ ആപ്തേയും ആർഎസ്എസ് സൈദ്ധാന്തികനുമായ എം.എസ്. ഗോൾവാൾക്കറുമായിരുന്നു സ്ഥാപകർ. 

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 1986 ൽ സ്ഥാപനം അടച്ച് പൂട്ടി. പിന്നീട് എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന 2002ൽ ആർഎസ്എസാണ് പുനരുജ്ജീവിപ്പിച്ചത്. മോഡി അധികാരത്തിൽ വന്നത് മുതൽ ഹിന്ദുസ്ഥാൻ സമാചാർ സർക്കാർ പരസ്യങ്ങളുടെ സ്ഥിരം ഗുണഭോക്താവാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.