വീണ്ടും ചരിത്രം: മൂന്നാം ചാന്ദ്രയാത്രയ്ക്കൊരുങ്ങി ഇന്ത്യ; വിക്ഷേപണം ജൂണില്‍

വീണ്ടും ചരിത്രം: മൂന്നാം ചാന്ദ്രയാത്രയ്ക്കൊരുങ്ങി ഇന്ത്യ; വിക്ഷേപണം ജൂണില്‍

ന്യൂഡല്‍ഹി: ഇന്ത്യ മൂന്നാം ചാന്ദ്രയാത്രയ്ക്കൊരുങ്ങുന്നു. ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിലാകും വിക്ഷേപണം. 2023 ജൂണില്‍ വിക്ഷേപിക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്. വിക്ഷേപണം വിജയിച്ചാല്‍ ചരിത്രമാകും. ചന്ദ്രനില്‍ വാഹനമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

ഇത്തവണയും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് അടുത്തുള്ള സമതലത്തിലാകും ലാന്‍ഡിങ്. പേടകം ചന്ദ്രനെ നിശ്ചിത പഥത്തില്‍ ഭ്രമണം ചെയ്ത് ഭൂമിയുമായുള്ള ബന്ധം നിലനിര്‍ത്തുമ്പോള്‍ റോവറുമായി ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും. ഇതില്‍ നിന്ന് പുറത്തിറങ്ങുന്ന റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കും.

ബംഗളൂരുവിലെ യു.ആര്‍ റാവു സാറ്റ്ലൈറ്റ് സെന്ററിലാണ് ഇലക്ട്രോ മാഗ്‌നൈറ്റിക് ഇന്റര്‍ഫറന്‍സ്, ഇലക്ട്രോമാഗ്‌നെറ്റിക് കോംപാറ്റിബിലിറ്റി തുടങ്ങിയ നിര്‍ണായകമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡറിന്റെ പരിശോധനകള്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി രണ്ട് വരെ വിജയകരമായി നടത്തി.

രണ്ടാം ചാന്ദ്ര ദൗത്യം, ലാന്‍ഡിങിന് മിനിറ്റുകള്‍ മുന്‍പ് നിയന്ത്രണം നഷ്ടമായി തകര്‍ന്നു വീണിരുന്നു. അന്നത്തെ പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് മൂന്നാം ദൗത്യം. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയെ പഠിക്കുകയാണ് ലക്ഷ്യം.

ചന്ദ്രനിലെ താപവ്യത്യാസം, പ്ലാസ്മയുടെ സാന്ദ്രത, ഗുരുത്വാകര്‍ഷണം, റേഡിയേഷന്‍ എന്നിവയാകും പഠിക്കുക. ഇതിനുള്ള ഉപകരണങ്ങളാണ് ലാന്‍ഡറിലും റോവറിലും ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.