സര്‍ക്കാര്‍ ആശുപത്രിയിലെ ഫാന്‍ കറങ്ങില്ല; വീട്ടില്‍ നിന്നൊരെണ്ണം കൊണ്ടു വന്നാല്‍ ദിവസം അമ്പത് രൂപ ഫീസ്

സര്‍ക്കാര്‍ ആശുപത്രിയിലെ ഫാന്‍ കറങ്ങില്ല; വീട്ടില്‍ നിന്നൊരെണ്ണം കൊണ്ടു വന്നാല്‍ ദിവസം അമ്പത് രൂപ ഫീസ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തുന്ന രോഗികളില്‍ നിന്ന് ആശുപത്രി അധികൃതര്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി പരാതി. രോഗികളില്‍ ഒരാള്‍ ഫാനുമായി വന്നതിന് പണം ഈടാക്കിയതാണ് നിലവിലെ പ്രശ്‌നം. ആശുപത്രിയുടെ സര്‍ജറി വാര്‍ഡില്‍ എട്ട് ഫാനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നത് നാലെണ്ണം മാത്രമാണ്.

ചൂടുകാലമായതിനാല്‍ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. സര്‍ജറി വാര്‍ഡില്‍ അഡ്മിറ്റായിരുന്ന ഒരാള്‍ കഴിഞ്ഞ ദിവസം ഫാനില്ലാത്തതിന്റെ ആവലാതി ആശുപത്രി അധികാരികളോട് പറഞ്ഞിരുന്നു. എന്നാല്‍ ചൂടാണെങ്കില്‍ വീട്ടില്‍ നിന്ന് ഫാന്‍ കൊണ്ടുവരണമെന്നും ഇവിടെ ഇത്ര സൗകര്യങ്ങളെ ഉള്ളുവെന്നും കൂടുതല്‍ സൗകര്യങ്ങള്‍ വേണമെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ പോകണമെന്നുമായിരുന്നു മറുപടി.

അധികൃതരുടെ കെടുകാര്യസ്ഥത കാരണം ആശുപത്രിയിലെ ഫാന്‍ ശരിയാക്കില്ലെന്ന് മനസിലാക്കിയ രോഗി വീട്ടില്‍ നിന്ന് ഫാന്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ഫാന്‍ ഉപയോഗിക്കണമെങ്കില്‍ പണമടയ്ക്കണമെന്ന് അധികൃതര്‍ പറഞ്ഞു. 50 രൂപ ഫീസായി കെട്ടിവയ്പ്പിക്കുകയും ചെയ്തു. രോഗികളെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ ജനരോക്ഷം ശക്തമാണ്.

ആശുപത്രിയില്‍ ഉത്തരവാദിത്വമില്ലായ്മയും കെടുകാര്യസ്ഥതയും ഉണ്ടെന്നും ഇതുസംബന്ധിച്ച പരാതി മേധാവികള്‍ക്ക് നല്‍കുമെന്നും രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. അനധികൃതമായി പണമീടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.