വരാനിനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അതി നിര്‍ണായകം. 
വിജയം നേടാന്‍ കൃത്യമായ തയ്യാറെടുപ്പുകള്‍ ആവശ്യം.
കോണ്‍ഗ്രസിന്റെ പ്രതാപം തിരിച്ചു പിടിക്കാന്‍ ഐക്യവും അച്ചടക്കവും വേണം.
ഗൗതം അദാനിയും നരേന്ദ്ര മോഡിയും ഒന്നാണെന്ന് രാഹുല്‍ ഗാന്ധി.
റായ്പൂര്‍: രാജ്യത്തെ കര്‍ഷകരെ ഒപ്പം നിര്‍ത്താനുള്ള  പ്രവര്‍ത്തനങ്ങളില്‍  ശ്രദ്ധ കേന്ദ്രിക്കരിക്കുമെന്ന് സൂചന നല്‍കി റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ്  പ്ലീനറി സമ്മേളനത്തില്‍ പ്രത്യേക കാര്‍ഷിക പ്രമേയം. 
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആറ് ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളും. കാര്‍ഷിക കടങ്ങളുടെ പേരില്‍ കര്‍ഷകര്‍ക്കെതിരെ ക്രിമിനല്‍ നടപടികളുണ്ടാകില്ല.  കര്‍ഷകരുടെ ഭൂമി ജപ്തി ചെയ്യുന്നത് ഒഴിവാക്കും. 
താങ്ങുവില നിയമ വിധേയമാക്കുമെന്നും എല്ലാ വിളകള്‍ക്കും താങ്ങുവില ഉറപ്പാക്കുമെന്നും വില നിര്‍ണയത്തില്‍ കര്‍ഷക സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും  പ്രമേയത്തിലൂടെ കോണ്‍ഗ്രസ് വ്യക്തമാക്കി.
വരാനിനിക്കുന്ന കര്‍ണാടക,  മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഘട്ട് തിരഞ്ഞെടുപ്പുകള്‍ അതി നിര്‍ണായകമാണെന്നും വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഉണ്ടാകണമെന്നും പ്ലീനറി സമ്മേളനം ചൂണ്ടിക്കാട്ടി. ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അതുകൊണ്ടു തന്നെ വിജയം നേടാന്‍ സാധിക്കണമെന്നും നേതൃത്വം വ്യക്തമാക്കി. 
തിരഞ്ഞെടുപ്പ് ജയിക്കാനും പാര്‍ട്ടിക്ക് പ്രതാപം തിരിച്ചു പിടിക്കാനും ഐക്യവും അച്ചടക്കവും വേണമെന്നും പ്ലീനറി സമ്മേളനം വിലയിരുത്തി. ഇതിനായുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
അതേസമയം പ്ലീനറി വേദിയില്‍ ഇന്ന് സംസാരിച്ച മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഗൗതം അദാനിയും നരേന്ദ്ര മോഡിയും ഒന്നാണെന്ന് രാഹുല്‍ പറഞ്ഞു. അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണെന്നും അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്റെ ചോദ്യത്തിന്  പ്രധാനമന്ത്രിക്ക് ഉത്തരമില്ലെന്നും രാഹുല്‍ ചൂണ്ടികാട്ടി. 
പ്രധാനമന്ത്രിയും മന്ത്രിമാരും സര്‍ക്കാരും അദാനിയുടെ രക്ഷകരാകുന്നു. വിമര്‍ശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലയില്‍ പോലും അദാനിയുടെ ഷെല്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഷെല്‍ കമ്പനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുല്‍ ആരോപിച്ചു.
 ലളിതമായ ചോദ്യങ്ങളാണ് താന്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. അതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് വരെ പോരാട്ടം തുടരും. ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോണ്‍ഗ്രസ് അദാനിയെയും നേരിടും. അത് ഒരു തപസ്യയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.