എറണാകുളം നെട്ടൂരില്‍ ഒരാഴ്ച്ചയിലേറെ പഴക്കമുള്ള ഇറച്ചി പിടികൂടി: കണ്ടെടുത്തത് ലൈസന്‍സില്ലാത്ത സ്ഥാപനത്തില്‍ നിന്ന്; കട അടച്ചുപൂട്ടി

എറണാകുളം നെട്ടൂരില്‍ ഒരാഴ്ച്ചയിലേറെ പഴക്കമുള്ള ഇറച്ചി പിടികൂടി: കണ്ടെടുത്തത് ലൈസന്‍സില്ലാത്ത സ്ഥാപനത്തില്‍ നിന്ന്; കട അടച്ചുപൂട്ടി

മരട്: കളമശേരിയില്‍ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തിന്റെ വാര്‍ത്തകള്‍ കെട്ടടങ്ങും മുമ്പേ എറണാകുളം നെട്ടൂരില്‍ പഴകിയ പോത്തിറച്ചി പിടികൂടി. ഒരാഴച്ചയിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഇറച്ചി നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലത്തിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിനടുത്തുള്ള ഇറച്ചി വില്‍പ്പനശാലയില്‍ നിന്നാണ് പിടികൂടിയത്. സ്ഥാപനത്തിന് ലൈസന്‍സോ ഹെല്‍ത്ത് കാര്‍ഡോ ഉണ്ടായിരുന്നില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് സ്ഥാപനം അടച്ചു പൂട്ടി.

നെട്ടൂര്‍ സ്വദേശി ശരീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പിടിച്ചെടുത്ത ഇറച്ചിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിസല്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. നിമിഷ ഭാസ്‌കര്‍ പറഞ്ഞു.

ഇന്നലെ രാവിലെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ അസ്‌ലം ഇവിടെ നിന്നും ഇറച്ചി വാങ്ങിയിരുന്നു. വിട്ടില്‍ എത്തി പരിശോധിച്ചപ്പോള്‍ ഇറച്ചിയില്‍ നിന്ന് ദുര്‍ഗന്ധം വരികയും നിറ വ്യത്യാസം കാണപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇറച്ചിയുമായി അസ്‌ലം കടയിലെത്തി. അബദ്ധം പറ്റിയതാണെന്നും പണം തിരികെ നല്‍കാമെന്നും കടയുടമയായ ശരീഫ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍ ഇതിന് വഴങ്ങിയില്ലെന്ന് മാത്രമല്ല സംഭവം പനങ്ങാട് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. 

പനങ്ങാട് സ്റ്റേഷനില്‍ നിന്ന് എസ്‌ഐ അടക്കമുള്ള പൊലീസ് സംഘമെത്തി കടയില്‍ പരിശോധന നടത്തി. പ്രഥമിക പരിശോധനയില്‍ ഇറച്ചി പഴകിയതാണെന്ന് ബോധ്യപ്പെട്ടതോടെ മരട് നഗരസഭാ ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചു. അവിടെ നിന്നും ജെഎച്ച്‌ഐ ഹുസൈന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തു. 

ഇതിനിടെ ഇവിടെ നിന്ന് ഇറച്ചി വാങ്ങികൊണ്ടുപോയവരൊക്കെ അത് തിരികെ എത്തിച്ചു. 13 കിലോ ഇറച്ചിയാണ് ഇവിടെ വില്‍പ്പന നടത്തിയത്. ഇതില്‍ എട്ട് കിലോ ഇറച്ചി തിരികെ എത്തി. ഇവ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ആരും പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. പരാതി ലഭിച്ചാല്‍ സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. 

അതേസമയം പഴകിയ ഇറച്ചി പിടികൂടി സംഭവം ഇന്ന് ചേരുന്ന മരട് നഗരസഭാ കൗണ്‍സിലില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഭരണ സമിതിയുടെ പിടിപ്പുകേടാണ് ഇത്തരം സംഭവത്തിനിടവരുത്തിയതെന്നും നഗരസഭാ ആരോഗ്യ വിഭാഗം നിഷ്‌ക്രിയമാണെന്നും പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.