തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകാത്തതിനാൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനസംഘടനാ ബിൽ ഇന്ന് നിയമസഭയിൽ അവതിരിപ്പിക്കില്ല. താത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബില്ലാണ് അവതരിപ്പിക്കാൻ തീരുമാനിച്ചത്. അതിന്റെ നടപടിക്രമങ്ങളും ആരംഭിച്ചിരുന്നു.
എന്നാൽ ഗവർണറുടെ അനുമതി ലഭിക്കാതിരുന്നതിനാൽ മാറ്റി വെക്കുകയായിരുന്നു. കേരളനിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഗവർണർ അനുമതി നൽകാത്തതിനാൽ ബിൽ മാറ്റിവെക്കുന്നത്.
കാലിക്കറ്റ് സർവകലാശാല സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും കാലാവധി മാർച്ച് ആറിന് കഴിയുന്നതിനാൽ താത്കാലിക ക്രമീകരണം എർപ്പെടുത്താനാണ് ബിൽ. എക്സ് ഒഫീഷ്യോ അംഗങ്ങളെക്കൂടാതെ 13 പേരെ നാമനിർദേശം ചെയ്യാനാണ് ബില്ലിലെ വ്യവസ്ഥ.
താത്കാലിക സെനറ്റിലും സിൻഡിക്കേറ്റിലും ഗവർണർ സ്വന്തം നിലയിൽ നാമനിർദേശം നടത്തുന്നത് തടയാനാണ് ഈ നിയമമെന്ന് ആരോപണമുയർന്നിരുന്നു. പ്രതിപക്ഷ അംഗങ്ങൾ വരുന്നത് ഒഴിവാക്കാനും സർവകലാശാലാ ഭരണം സി.പി.എമ്മിന്റെ നിയന്ത്രണത്തിലാക്കാനുമാണ് ഈ നീക്കമെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.
സാധാരണ നിലയിൽ ട്രഷറിയിൽ നിന്ന് പണം പിൻവലിക്കേണ്ട ഏത് കാര്യവും ബില്ലായി നിയമസഭയിൽ വരികയാണെങ്കിൽ അതിന് ഗവർണറുടെ അനുമതി ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ബിൽ ഗവർണറുടെ മുന്നിലെത്തിയത്.
ഗവർണർ അനുമതി നൽകുമെന്ന പ്രതീക്ഷയിൽ തിങ്കളാഴ്ച അവതരിപ്പിക്കാനുള്ള ബില്ലുകളുടെ പട്ടികയിൽ ഇത് ഉൾപ്പെടുത്തി. എം.എൽ.എ.മാരിൽനിന്ന് ഭേദഗതികളും സ്വീകരിച്ചു. ബില്ലിന് അനുമതി നൽകാതെ ഗവർണർ ഉത്തരേന്ത്യൻ പര്യടനത്തിന് തിരിച്ചു. ഇനി മാർച്ച് രണ്ടിനേ അദ്ദേഹം മടങ്ങിയെത്തൂ. അതിന് ശേഷമേ ബില്ലിൽ ഇനി തീരുമാനം ഉണ്ടാകൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.