ന്യൂഡല്‍ഹി: അഗ്നിപഥ് ദേശീയ താല്‍പര്യം മുന്‍ നിര്‍ത്തിയുള്ള പദ്ധതിയാണെന്ന് ഡല്‍ഹി ഹൈക്കോടതി. പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയ്ക്ക് ഇടപെടാന്‍ കഴിയില്ല. നമ്മുടെ സൈന്യം മികച്ചതാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പദ്ധതിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തുകയും സുപ്രീം കോടതി എല്ലാ കേസുകളുടെയും വാദം ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റുകയുമായിരുന്നു.
കേരളം, പഞ്ചാബ്, ഹരിയാന, പട്ന, ഉത്തരാഖണ്ഡ് ഹൈക്കോടതികളോട് തങ്ങളുടെ പരിഗണനയിലുള്ള അഗ്‌നിപഥ് പദ്ധതിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും അല്ലെങ്കില്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനം വരുന്നതുവരെ തീര്‍പ്പുകല്‍പ്പിക്കാതെ സൂക്ഷിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതി ആവിഷ്‌കരിച്ചത്.
17 നും 21 നും ഇടയിലുള്ളവര്‍ക്കാണ് നാല് വര്‍ഷത്തെ സൈനിക സേവനത്തിന് അനുമതി നല്‍കുന്ന പദ്ധതിയാണ് ഇത്. ഇവരില്‍ 25 ശതമാനം പേരെ പിന്നീട് സ്ഥിരമായി സര്‍വീസില്‍ നിര്‍ത്തും. പദ്ധതി അവതരിപ്പിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് റിക്രൂട്ട്മെന്റിനുള്ള പ്രായപരിധി 23 ആയി സര്‍ക്കാര്‍ ഉയര്‍ത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.