മദ്യപാന വിലക്ക് നീക്കിയതിനെതിരെ പ്രതിഷേധവുമായി വി.എം സുധീരന്‍; ഖാര്‍ഗെയ്ക്ക് കത്തയച്ചു

മദ്യപാന വിലക്ക് നീക്കിയതിനെതിരെ പ്രതിഷേധവുമായി വി.എം സുധീരന്‍; ഖാര്‍ഗെയ്ക്ക് കത്തയച്ചു

തിരുവനന്തപുരം: പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കിയതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് വി.എം സുധീരന്‍.

പാര്‍ട്ടി പ്രാഥമിക അംഗത്വത്തിനുള്ള വ്യവസ്ഥകളില്‍ മദ്യ വര്‍ജനത്തിലും ഖാദി ഉപയോഗത്തിലും ഇളവ് നല്‍കിക്കൊണ്ടുള്ള തീരുമാനം വളരെ ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് സുധീരന്‍ കത്തില്‍ പറയുന്നു.

മദ്യ വര്‍ജനവും ഖാദി പ്രസ്ഥാനവും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗവും പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുദ്രാവാക്യവും അഭിമാനകരമായ സവിശേഷതയുമായിരുന്നെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുമ്പോള്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും ഗാന്ധിയന്‍ മൂല്യങ്ങളെയും തള്ളിപ്പറയുകയാണെന്നും സുധീരന്‍ പറഞ്ഞു.

മദ്യ ഉപയോഗം വലിയൊരു പൊതുജനാരോഗ്യ വിഷയവും സാമൂഹ്യ പ്രശ്‌നവുമായി ഉയര്‍ന്നു വരുന്ന കാലത്താണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരുന്നതെന്നതും ഗൗരവപൂര്‍വം കാണേണ്ടതുണ്ട്. പ്ലീനറി സമ്മേളനത്തില്‍ ഉണ്ടായിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്തെ മദ്യ വില്‍പനയെ പ്രോത്സാഹിപ്പിക്കുമെന്നുമുള്ള കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

പാര്‍ട്ടി അഭിമാനപൂര്‍വം കാലങ്ങളായി ഉയര്‍ത്തിപ്പിടിക്കുകയും പിന്തുടര്‍ന്നുവരുകയും ചെയ്യുന്ന പരമ്പരാഗത മൂല്യങ്ങള്‍ക്കും പെരുമാറ്റച്ചട്ടങ്ങള്‍ക്കും വിരുദ്ധമാണ് ഇത്തരമൊരു തീരുമാനം. ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. വിഷയത്തില്‍ ഇടപെട്ട് തീരുമാനം പിന്‍വലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പാര്‍ട്ടി അധ്യക്ഷനുള്ള കത്തില്‍ സുധീരന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.