തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് നിയമ സഭയില്‍ മുഖ്യമന്ത്രിയും മാത്യു കുഴല്‍ നാടന്‍ എംഎല്‍എയും തമ്മില്‍ നേര്‍ക്കുനേര്‍ വാക് പോര്.
സ്വപ്‌ന സുരേഷിന്റെതെന്ന പേരില്‍ പുറത്ത് വന്ന വാട്‌സാപ് ചാറ്റുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മാത്യു കുഴല്‍ നാടന്‍ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്.
ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നെന്ന് സ്വപ്‌ന പറഞ്ഞെന്നും മാത്യു ചൂണ്ടിക്കാട്ടി. താന്‍ സ്വപ്നയെ കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മാത്യു കുഴല്‍ നാടന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും ഏജന്‍സിയുടെ വക്കീലായി കുഴല്‍നാടന്‍ പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ തര്‍ക്കവും ബഹളവും കനത്തതോടെ സഭ താല്‍കാലികമായി നിര്‍ത്തി വക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.
ലൈഫ് മിഷന്‍ അഴിമതിയില്‍ നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. വടക്കാഞ്ചേരിയില്‍ പണിയുന്ന ഫളാറ്റിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടികള്‍ കോഴ വാങ്ങിയതും അറസ്റ്റിലായതും ഇഡി ഒഴിച്ചുള്ള അന്വേഷണങ്ങള്‍ നിലച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
എന്നാല്‍ ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അടിസ്ഥാനമില്ലാത്ത പ്രശ്‌നമാണെന്ന് മന്ത്രി എം.ബി രാജേഷ് സഭയെ അറിയിച്ചു. സമാന വിഷയം ഈ സമ്മേളനത്തില്‍ നേരത്തെ ഉന്നയിച്ചിരുന്നു. പഴയ വീഞ്ഞും പഴയ കുപ്പിയും പഴയ ലേബലുമാണ്.
ആള്‍ മാത്രം മാറിയെന്നേയുള്ളുവെന്നും രാജേഷ് പരിഹസിച്ചു. ലൈഫ് മിഷനെതിരെ സംഘടിത ആക്രമണം നടക്കുന്നുവെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അടിയന്തര പ്രമേയ നോട്ടീസെന്നും മന്ത്രി രാജേഷ് കുറ്റപ്പെടുത്തി. കഴിഞ്ഞ സഭാ സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിച്ച ആളെ വടക്കഞ്ചേരിയിലെ ജനം തോല്‍പിച്ചെന്നും രാജേഷ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.