ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദര്‍ ജയിനും രാജിവെച്ചു

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദര്‍ ജയിനും രാജിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദര്‍ ജയിനും രാജിവെച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അംഗീകരിച്ചു. ധനകാര്യം, വിദ്യാഭ്യാസം എന്നിവയടക്കം 18 പ്രധാന വകുപ്പുകളാണ് മനീഷ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്.

മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയല്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ മനീഷ് സിസോദിയ രാജിവെച്ചത്.

മദ്യനയക്കേസില്‍ സിബിഐ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് മനീഷ് സിസോദിയ കോടതിയില്‍ ആരോപിച്ചത്. എന്നാല്‍ നിലവില്‍ സുപ്രീം കോടതി നേരിട്ട് ഇടപെടല്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. നേരത്തെ കോടതി അടിയന്തരമായി ഇടപെട്ടത് മാധ്യമ പ്രവര്‍ത്തകരും ഭരണകൂടവും തമ്മിലുള്ള കേസുകളിലായിരുന്നു. ആ പ്രത്യേക സാഹചര്യം ഇവിടെ ഇല്ല.

ഡല്‍ഹിയില്‍ നടന്ന സംഭവം എന്ന നിലയില്‍ എല്ലാം നേരിട്ട് സുപ്രീം കോടതിയിലേക്ക് എത്തേണ്ടതില്ലെന്നും ഇക്കാര്യത്തില്‍ ഇടപെടുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. സിസോദിയ്ക്ക് ജാമ്യത്തിനായി ഹൈക്കോടതിയടക്കം മറ്റു നിയമ വഴികള്‍ തേടാമെന്നും കോടതി വ്യക്തമാക്കി. അഞ്ച് ദിവസത്തേക്കാണ് സിസോദിയയെ ഇന്നലെ കോടതി സിബിഐ കസ്റ്റഡിയില്‍ നല്‍കിയത്.

24 മണിക്കൂര്‍ സിസിടിവി നിരീക്ഷണമുള്ള മുറിയില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നാണ് കോടതി ഉത്തരവ്. എല്ലാ ദിവസവും വൈകുന്നേരം ആറ് മുതല്‍ ഏഴ് വരെ അഭിഭാഷകരെ കാണാനും അനുമതിയുണ്ട്. പുതിയ മദ്യനയം എങ്ങനെ തയ്യാറാക്കി, ആരാണ് ഒപ്പിട്ടത്, മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ തുടങ്ങിയവ വിശദമാക്കുന്ന രേഖകള്‍ കാണാനില്ലെന്നാണ് സിബിഎ പറയുന്നത്.

അഴിമതിക്കേസില്‍പ്പെട്ട് മാസങ്ങളായി ജയില്‍ വാസമനുഷ്ടിക്കുകയാണ് സിസോദിയയ്‌ക്കൊപ്പം രാജി വച്ച മന്ത്രി സത്യേന്ദര്‍ ജയിന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.