സ്വപ്നയുടെ ജോലി നഷ്ടപ്പെടാന്‍ കാരണം യൂസഫലി: മറ്റൊരു ജോലിയ്ക്കായി മുഖ്യമന്ത്രിയെ കണ്ടു; വാട്‌സാപ്പ് ചാറ്റ് പുറത്ത്, പിണറായിയുടെ വാദം പൊളിയുന്നു

സ്വപ്നയുടെ ജോലി നഷ്ടപ്പെടാന്‍ കാരണം യൂസഫലി: മറ്റൊരു ജോലിയ്ക്കായി മുഖ്യമന്ത്രിയെ കണ്ടു; വാട്‌സാപ്പ് ചാറ്റ് പുറത്ത്, പിണറായിയുടെ വാദം പൊളിയുന്നു

കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിലെ സ്വപ്നാ സുരേഷിന്റെ ജോലി നഷ്ടപ്പെടാന്‍ കാരണം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ആണെന്നും നോര്‍ക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയില്‍ മറ്റൊരു ജോലി തരപ്പെടുത്താന്‍ എം ശിവശങ്കര്‍ നീക്കം നടത്തിയിരുന്നതായും തെളിയിക്കുന്ന വാട്‌സാപ്പ് ചാറ്റ് പുറത്ത്.

പുതിയ ജോലിയ്ക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും ചാറ്റില്‍ പറയുന്നു. സ്വപ്ന മുഖ്യമന്ത്രിയെ കണ്ട വിവരം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ അറിയിച്ചെന്നും നിയമനത്തിന് നോര്‍ക്ക സി.ഇ.ഒ ഉള്‍പ്പെടെയുള്ളവര്‍ സമ്മതിച്ചതായും സ്വപ്നയോട് ശിവശങ്കര്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം നിയമസഭയിലും വാട്‌സാപ്പ് ചാറ്റുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും മാത്യൂ കുഴല്‍നാടനും തമ്മില്‍ വലിയ തര്‍ക്കമുണ്ടായിരുന്നു. താന്‍ സ്വപ്നയെ കണ്ടിട്ടില്ല, ഇക്കാര്യത്തില്‍ ഒന്നുമറിയില്ല എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ചാറ്റുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.


കോണ്‍സുലേറ്റിലെ ചില പ്രശ്‌നങ്ങള്‍ കാരണം സ്വപ്നാ സുരേഷിന് ഹൈദരാബാദിലേയ്ക്ക് സ്ഥലം മാറേണ്ടി വന്നു. തുടര്‍ന്ന് അവിടെ നിന്ന് രാജി വയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതയാവുകയായിരുന്നു. പിന്നീട് മറ്റൊരു ജോലി വേണമെന്ന് സ്വപ്ന ശിവശങ്കറിനോട് ആവശ്യപ്പെട്ടു.

നോര്‍ക്കയുടെ കീഴില്‍ ഒരു നിക്ഷേപ കമ്പനി തുടങ്ങാന്‍ തീരുമാനമായിട്ടുണ്ടെന്നും നോര്‍ക്ക അധികൃതരുമായി സി.എം രവീന്ദ്രന്‍ സ്വപ്നയുടെ ജോലിക്കാര്യം സംസാരിച്ചിട്ടുണ്ടെന്നുമാണ് ഇതിന് മറുപടിയായി ശിവശങ്കര്‍ ചാറ്റില്‍ പറയുന്നത്. കോണ്‍സുലേറ്റിലെ സ്വപ്നയുടെ ജോലി നഷ്ടപ്പെട്ടു എന്ന് കേട്ടപ്പോള്‍ സി.എം രവീന്ദ്രന്‍ ഞെട്ടിപ്പോയി എന്ന് ശിവശങ്കര്‍ പറയുന്നതും വാട്‌സാപ്പ് ചാറ്റിലുണ്ട്.

സ്വപ്നയ്ക്ക് കോണ്‍സുലേറ്റിലെ ജോലി നഷ്ടപ്പെടാന്‍ കാരണം എം.എ യൂസഫലി ആണെന്ന് ശിവശങ്കര്‍ രവീന്ദ്രനോട് പറയുന്നു. അങ്ങനെയെങ്കില്‍ നോര്‍ക്കയിലെ ജോലിക്കാര്യം വരുമ്പോഴും ഇയാള്‍ എതിര്‍ക്കില്ലേ എന്ന് രവീന്ദ്രന്‍ ചോദിച്ചതായും ശിവശങ്കര്‍ സ്വപ്നയോട് പറയുന്നു.

എന്നാല്‍ മുഖ്യമന്ത്രിക്ക് യൂസഫലിയെ പേടിയില്ല എന്നും ശിവശങ്കറിന്റെ ചാറ്റിലുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.