മലപ്പുറം: ഇന്‍സ്റ്റഗ്രാം വഴി കാണാമറയത്തിരുന്നുള്ള പ്രണയം ഇത്രയേറെ പൊല്ലാപ്പുണ്ടാക്കുമെന്ന് മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ നിനച്ചതേയില്ല. തന്റെ സ്വപ്‌നങ്ങളിലെ സുന്ദരിപ്പെണ്ണിന് ഇന്‍സ്റ്റഗ്രാമിലൂടെ അവന്‍ ഹൃദയ വികാരങ്ങള്‍ കൈമാറി. മനസ് കുളിര്‍പ്പിക്കുന്ന മറുപടികള്‍ തിരിച്ചും ലഭിച്ചു.
ഇന്‍സ്റ്റഗ്രാം പ്രണയം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുവര്‍ക്കും നേരില്‍ കാണണമെന്ന് ഉള്ളില്‍ മോഹമുദിച്ചു. യുവാവ് നല്‍കിയ ലൊക്കേഷന്‍ അനുസരിച്ച് കാമുകി ബസില്‍ കയറി നേരെ കാളികാവിലെ കാമുകന്റെ വീട്ടിലെത്തി. നീണ്ട പ്രണയത്തിനും കാത്തിരിപ്പിനുമൊടുവില്‍ കാമുകിയെ നേരിട്ടു കണ്ട മാത്രയില്‍ യുവാവ് വാവിട്ട് നിലവിളിച്ചു.
തന്റെ മനസ് കീഴടക്കിയ നിറമുള്ള കിനാക്കളിലെ മധുരപ്പതിനേഴുകാരിയെ കാത്തിരുന്ന കാമുകനെ തേടി വീട്ടിലെത്തിയത് നാലു കുട്ടികളുടെ മാതാവായ വീട്ടമ്മ. കാമുകിക്ക് ഇരുപത്തിരണ്ടുകാരനായ കാമുകന്റെ പ്രായമുള്ള മകനുമുണ്ട്.
കാമുകിയെ നേരിട്ടു കണ്ടതോടെ തകര്‍ന്നു പോയ യുവാവും കുടുംബവും അവരെ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 'തന്റെ പ്രിയതമനൊപ്പം പുതിയൊരു ജീവിതം'. അതായിരുന്നു കാമുകിയുടെ ഉറച്ച നിലപാട്.
'ചുറ്റിയ പാമ്പ് കടിച്ചേ തീരൂ' എന്ന അവസ്ഥയിലായപ്പോള്‍ രക്ഷയില്ലാതെ കാമുകന്‍ അലമുറയിട്ട് പൊട്ടിക്കരഞ്ഞു. കാമുകന് തന്റെ മകന്റെ പ്രായമേ ഉള്ളൂ എന്നറിഞ്ഞിട്ടും കട്ട പ്രണയത്തില്‍ നിന്നും പിന്‍മാറാന്‍ വീട്ടമ്മ തയ്യാറാതാകെ വന്നതോടെ യുവാവിന്റെ വീട്ടുകാര്‍ പൊലീസിന്റെ സഹായം തേടി.
ഇതേ സമയത്തു തന്നെ വീട്ടമ്മയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കോഴിക്കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ വീട്ടമ്മയെക്കുറിച്ചു വിവരം ലഭിച്ച ബന്ധുക്കള്‍ ഉടന്‍ കാളികാവിലെത്തി. കാമുകന്‍ നിര്‍ബന്ധിച്ച് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു വന്നതാണെന്ന ധാരണയിലായിരുന്നു വീട്ടമ്മയുടെ ബന്ധുക്കളെത്തിയത്.
അതിനാല്‍ കാമുകനെയൊന്ന് 'കൈകാര്യം ചെയ്യുക' എന്ന ലക്ഷ്യത്തോടെയായിരുന്നു അവരുടെ വരവ്. യുവാവിനെ മര്‍ദിക്കാനുള്ള കാമുകിയുടെ വീട്ടുകാരുടെ പദ്ധതി പൊലീസ് സഹായത്തോടെ പൊളിച്ചു. അങ്ങനെ ഇസ്റ്റഗ്രാം പ്രണയ ദുരന്തത്തില്‍ നിന്ന് യുവാവ് കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാലും ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.