വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചവര്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി; വാങ്ങുന്ന വൈദ്യുതിയുടെ വില കുത്തനെ കുറച്ചു

വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചവര്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി; വാങ്ങുന്ന വൈദ്യുതിയുടെ വില കുത്തനെ കുറച്ചു

തിരുവനന്തപുരം: കെ.എസ്.ഇ.ബി സംസ്ഥാനത്തെ ജനങ്ങള്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് നല്‍കുന്ന വില വെട്ടിക്കുറച്ചു. പുറത്ത് നിന്ന് വന്‍ വില കൊടുത്തു വൈദ്യുതി വാങ്ങുന്ന കെ.എസ്.ഇ.ബി യൂണിറ്റിന് 3.22 രൂപ നല്‍കിയിരുന്നത് ഇപ്പോള്‍ 2.69 രൂപയാക്കിയാണ് കുറച്ചത്.

നാട്ടില്‍ സോളാര്‍ വ്യാപകമായാല്‍ അമിത വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുടെ തോത് ക്രമേണ കുറച്ചുകൊണ്ടുവരാനാവും. ആ വഴിയാണ് കെ.എസ്.ഇ.ബി തന്നെ അടയ്ക്കുന്നത്. കേരളത്തിന് വൈദ്യുതി വില്‍ക്കുന്ന വന്‍കിട കമ്പനികള്‍ക്കായിരിക്കും അതിന്റെ ഗുണം. കഴിഞ്ഞ സെപ്റ്റംബറില്‍ കെ.എസ്.ഇ.ബി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് റെഗുലേററ്റി കമ്മിഷന്‍ മിച്ച സോളാര്‍ വൈദ്യുതിയുടെ വില കുത്തനെ കുറച്ചത്.

3.22 രൂപയ്ക്ക് സോളാര്‍ വൈദ്യുതി ജനങ്ങളില്‍ നിന്ന് വാങ്ങുമ്പോള്‍ വന്‍ നഷ്ടമാണ് നേരിടുന്നതെന്നാണ് കെ.എസ്.ഇ.ബി നല്‍കിയ അപേക്ഷയിലുള്ളത്. ശരാശരി വില 1.53 രൂപയെ ഉള്ളുവെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത് കണക്കിലെടുത്താണ് റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം. ജലവൈദ്യുതി ഉല്‍പാദനം കൂടിയതിനാല്‍ മൊത്തത്തിലുള്ള ഉല്‍പാദനച്ചെലവിലുണ്ടായ ആനുപാതികമായ കുറവു പരിഗണിച്ചാണ് കുറഞ്ഞ വില നിശ്ചയിച്ചതെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം.

പകല്‍ ഉല്‍പാദിപ്പിക്കുന്ന സൗരോര്‍ജ വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്കു നല്‍കുകയും പകരം എല്ലായിപ്പോഴും കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിക്കുകയുമാണ് സൗരോര്‍ജ വൈദ്യുതി ഉല്‍പാദകര്‍ സാധാരണ ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.