തമിഴ്‌നാട്ടിൽ അത്ഭുതങ്ങൾ തീർക്കാൻ രജനീകാന്ത് 

തമിഴ്‌നാട്ടിൽ അത്ഭുതങ്ങൾ തീർക്കാൻ രജനീകാന്ത് 

ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം തമിഴ്‌നാട്ടിലെ പാര്‍ട്ടികള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. സിനിമാ തിയേറ്ററുകളില്‍ ജനങ്ങളെ ഇറക്കി മറിക്കാന്‍ കഴിവുള്ള അദ്ദേഹം രാഷ്ട്രീയത്തിലും വിജയം വരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് മാസം ബാക്കിയുള്ളപ്പോഴാണ് രജനികാന്ത് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ അല്‍ഭുതം സംഭവിക്കുമെന്നും തമിഴ് ജനതയ്ക്ക് വേണ്ടി മരിക്കാനും തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ആത്മീയ മതനിരപേക്ഷ രാഷ്ട്രീയമാണ് തന്റെ പാര്‍ട്ടി മുന്നോട്ട് വെക്കുക എന്നും ജാതിയോ മതമോ ഇല്ലെന്നും രജനികാന്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മള്‍ സര്‍വതും അടിമുടി മാറ്റുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തമിഴ് ജനതയ്ക്ക് വേണ്ടി മരിക്കാനും തയ്യാറാണെന്ന് പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ രജനികാന്ത് പറഞ്ഞു. ഞാന്‍ ജയിച്ചാല്‍ അത് ജനങ്ങളുടെ വിജയമാണ്. തോറ്റാല്‍ അത് ജനങ്ങളുടെ തോല്‍വിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജനികാന്തിന്റെ രാഷ്ട്രീയ രംഗപ്രവേശം കൂടുതലും തിരിച്ചടിയാകുക അണ്ണാഡിഎംകെയ്ക്ക് ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. രജനിയുമായി ബിജെപി കൈകോര്‍ക്കുമോ എന്നും നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ്.

ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപന തിയ്യതി പരസ്യമാക്കും. ജനുവരിയിലായിരിക്കും പ്രഖ്യാപനം. മെയ് മാസത്തില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മല്‍സരിക്കും. രാഷ്ട്രീയ ഉപദേശകനുമായി രജനികാന്ത് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് തീരുമാനിച്ചത്. കഴിഞ്ഞദിവസം ഫാന്‍സ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിമാരുമായി രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് 2017ല്‍ സൂചിപ്പിച്ച രജനികാന്ത് പിന്നീട് പലപ്പോഴായി പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന സൂചനകള്‍ വന്നിരുന്നെങ്കിലും നീളുകയായിരുന്നു. അടുത്ത വര്‍ഷം തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രജികാന്തിന്റെ പുതിയ നീക്കം. അദ്ദേഹം അടുത്തിടെ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതും വലിയ വാര്‍ത്തയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.