കന്നിയങ്കത്തില്‍ ത്രില്ലടിപ്പിച്ച് തിപ്ര മോത; മേഘാലയയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ തൃണമൂല്‍ കൊണ്ടു പോയി

കന്നിയങ്കത്തില്‍ ത്രില്ലടിപ്പിച്ച് തിപ്ര മോത; മേഘാലയയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ തൃണമൂല്‍ കൊണ്ടു പോയി

അഗര്‍ത്തല: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ത്രിപുരയില്‍ ശ്രദ്ധേയമായ പ്രകടനമാണ് പ്രദ്യോത് കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ നേതൃത്വത്തിലുള്ള തിപ്ര മോത കാഴ്ച വെക്കുന്നത്.

രാജകുടുംബാംഗവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ പ്രദ്യോത് കിഷോര്‍ ഈ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു തിപ്ര മോത എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. പ്രത്യേക ഗോത്ര വര്‍ഗ സംസ്ഥാനമെന്ന ലക്ഷ്യം മുന്നോട്ട് വെക്കുന്ന പാര്‍ട്ടി ഇപ്പോള്‍ 11 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പ് തിപ്ര മോതയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ സീറ്റുകളുടെ കാര്യത്തിലും പ്രത്യേക സംസ്ഥാനമെന്ന വാദവും വിലങ്ങ് തടിയായി. തൂക്ക് സഭയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ തിപ്ര മോതയുമായി സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്.

മേഘാലയില്‍ തുടക്കത്തില്‍ 12 സീറ്റില്‍ വരെ മുന്നേറ്റം കാഴ്ച വച്ച മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ഏഴ് സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. 2018 ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ആകെ 0.9 വോട്ട് മാത്രമായിരുന്നു ലഭിച്ചത്. എന്നാല്‍ ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് മേഘാലയയില്‍ കാലുറപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നേടിയില്ലെങ്കിലും കോണ്‍ഗ്രസില്‍ നിന്നും അംഗങ്ങള്‍ കൂറുമാറിയെത്തിയതോടെ സഭയില്‍ തൃണമൂലിന് ഇപ്പോള്‍ എട്ട് അംഗങ്ങളുണ്ട്. 2018 ല്‍ 21 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇത്തവണ നാല് സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് വോട്ട് ബാങ്ക് ടിഎംസിയിലേക്ക് പോയി എന്നതാണ് കാരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.