തിരുവനന്തപുരം: നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ച് സ്പീക്കര്‍. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ വീഴ്ചകള്‍ സംബന്ധിച്ചായിരുന്നു പ്രതിപക്ഷത്തു നിന്നും എം. വിന്‍സന്റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എന്നാല്‍ കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം സംബന്ധിച്ച് ചോദ്യോത്തര വേളയില്‍ തന്നെ വിശദമായി ചര്‍ച്ച നടന്നതായും ഹൈക്കോടതിയില്‍ കേസ് പരിഗണനയിലുള്ളതിനാല്‍ നോട്ടീസ് അവതരണം അനുവദിക്കാനാവില്ലെന്നുമായിരുന്നു സ്പീക്കറുടെ മറുപടി.
ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ച്ചയായി അടിയന്തര പ്രമേയ നോട്ടീസ് നല്‍കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശത്തെ സ്പീക്കര്‍ ഹനിക്കുകയാണ്. മുന്‍ സ്പീക്കര്‍മാര്‍ നല്‍കിയ പല റൂളിങുകളിലും അടിയന്തര പ്രമേയം വന്നാല്‍ അതിന് പ്രാധാന്യം നല്‍കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ഈ അവകാശത്തെ തുടര്‍ച്ചയായി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിന്റെ നിയമസഭയാണെന്നും സിപിഎം സംസ്ഥാന സമിതിയല്ലെന്ന് ഓര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സഭാ സമ്മേളനം തുടങ്ങിയ ആദ്യ രണ്ട് ദിവസത്തെ അടിയന്തര പ്രമേയങ്ങളില്‍ നാണംകെട്ട സര്‍ക്കാര്‍ ഇപ്പോള്‍ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഓരോ കാരണം പറഞ്ഞ് എല്ലാ ദിവസവും ഇത് തുടരുന്നത് ശരിയല്ല. നീതി നിഷേധമാണ് നടക്കുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ ഇവ പരിഗണിക്കാതെ സ്പീക്കര്‍ അടുത്ത നടപടി ക്രമത്തിലേക്ക് കടക്കുകയായിരുന്നു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.