ഇടുക്കി: പാലക്കാട് വടക്കഞ്ചേരിയിൽ അഞ്ച് കുട്ടികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ മുറിവുണങ്ങും മുൻപ് മാങ്കുളത്ത് വിനോദ യാത്രക്ക് പോയ വിദ്യാർഥി സംഘത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങിമരിച്ചത് കേരളത്തെ വീണ്ടും കണ്ണീരിലാഴ്ത്തി. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ റിചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
മാങ്കുളം പാറക്കുട്ടിപ്പുഴയിൽ കുളിക്കാനായി ഇറങ്ങിയപ്പോഴാണ് അപകടം. മുട്ടോളം വെള്ളത്തില്‍ പുഴയിലൂടെ നടക്കുന്നതിനിടെ കയത്തിലേക്ക് വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചുഴിയിൽ അകപ്പെട്ടുപോയ രണ്ട് കുട്ടികളെ രക്ഷിക്കാനായെങ്കിലും മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിൽ നിന്നുള്ള എട്ട്, ഒമ്പത് ക്ലാസുകളിലെ 30 ഓളം വിദ്യാർഥികളും അധ്യാപകരും അടങ്ങിയ സംഘമാണ് മാങ്കുളത്ത് വിനോദയാത്രക്ക് എത്തിയത്. ഇതിൽ അഞ്ച് കുട്ടികളാണ് കുളിക്കാനായി പുഴയിൽ ഇറങ്ങിയത്. മൃതദേഹങ്ങൾ അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ദുരന്തമുണ്ടായ വലിയപാറക്കുട്ടിപ്പുഴ കുറച്ചുനാളായി സ്ഥിരം അപകട കേന്ദ്രമായി മാറുകയാണ്. ഒരാഴ്ച മുമ്പ് എറണാകുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയും സമാനരീതിയില്‍ ഇവിടെ മുങ്ങി മരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.