റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ സൂപ്പർ താരം ലയണൽ മെസിയും സൗദി ലീഗിലെത്തിയേക്കുമെന്ന് സൂചനകൾ. വമ്പൻ തുകയ്ക്ക് അൽ ഇത്തിഹാദ് ആണ് താരത്തെ സ്വന്തമാക്കാൻ നീക്കം നടത്തുന്നത്.
സ്പാനിഷ് മാധ്യമപ്രവർത്തകനായ ജുവാൻ ഫോഞ്ചസ് ആണ് വിവരം പുറത്തുവിട്ടത്. ഒരു സീസണിനു മാത്രം 94 മില്യൻ ഡോളറാണ് (ഏകദേശം 770 കോടി രൂപ) അൽ ഇത്തിഹാദിന്റെ ഓഫർ. രണ്ടു വർഷത്തെ കരാറാണ് ടീം ലക്ഷ്യമിടുന്നത്.
1,950 കോടി എന്ന വമ്പൻ തുകയ്ക്കാണ് അൽനസ്ർ ക്ലബ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. അൽ ഹിലാലും ക്രിസ്റ്റിയാനോയുടെ അൽ നസ്‌റുമാണ് വർഷങ്ങളായി സൗദി ലീഗ് ഭരിക്കുന്നത്. മെസി എത്തുന്നതോടെ അൽ ഇത്തിഹാധും ഈ നിലയിലേക്ക് ഉയരുമെന്നാണ് ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.
മെസിയുടെ പിഎസ്ജിയുമായുള്ള കരാർ ഈ വർഷം അവസാനിക്കുകയാണ്. കരാർ പുതുക്കുമോ എന്ന കാര്യം വ്യക്തമല്ല. മറ്റേതെങ്കിലും ക്ലബിലേക്കു കൂടുമാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
യു.എസ് ക്ലബായ ഇന്റർ മിയാമിയുമായി ചർച്ച നടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. മുൻ ക്ലബ് ബാഴ്‌സലോണയിലേക്കു മടങ്ങുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം താരത്തിന്റെ മാനേജറും അച്ഛനുമായ ജോർജ് മെസി തള്ളിയിട്ടുണ്ട്.
ബാഴ്സലോണയുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 2021ലാണ് ബാഴ്‌സ വിട്ട് മെസി പി.എസ്.ജിയിലെത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v