ഓസ്റ്റിന്‍: ടെക്‌സാസില്‍ സ്‌കൂളുകളില്‍ അധ്യയന ദിനങ്ങള്‍ ആഴ്ച്ചയില്‍ നാലു ദിവസമായി കുറയ്ക്കാന്‍ തീരുമാനം. ടെക്‌സാസിലെ ഏറ്റവും വലിയ സ്‌കൂള്‍ ഡിസ്ട്രിക്റ്റായ ക്രോസ്ബി ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റാണ് ഇതുസംബന്ധിച്ച നടപടിക്ക് അംഗീകാരം നല്‍കിയത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയായിരിക്കും സ്‌കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍. വെള്ളിയാഴ്ചകള്‍ അവധി ദിവസങ്ങളായി കണക്കാക്കും.
മൂന്ന് ദിവസത്തെ സ്‌കൂള്‍ സമയം 20 മുതല്‍ 25 മിനിറ്റ് വരെ അധികമായി നീട്ടാനും തീരുമാനമായി. എല്ലാ മാസവും ഒരു വെള്ളിയാഴ്ച അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനത്തിനുള്ള ദിനമായിരിക്കും. ഓഗസ്റ്റിലാണ് അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നത്.
സ്‌കൂള്‍ ഡിസ്ട്രിക്റ്റുകള്‍ നേരിടുന്ന അധ്യാപക ക്ഷാമമാണ് തീരുമാനത്തിനു പിന്നില്‍. സ്‌കൂള്‍ ദിനങ്ങള്‍ ആഴ്ച്ചയില്‍ നാല് ദിവസമായി കുറയ്ക്കുന്നത് കൂടുതല്‍ അധ്യാപകരെ ഡിസ്ട്രിക്റ്റിലേക്ക് ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ സൂപ്രണ്ട് പറഞ്ഞു.
തീരുമാനമെടുക്കുന്നതിനു മുന്നോടിയായി നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്ത ഭൂരിഭാഗം രക്ഷിതാക്കളും ഈ നീക്കത്തെ പിന്തുണച്ചു. അതേസമയം, പുതിയ തീരുമാനത്തില്‍ ആശങ്കയുമായി ചില മാതാപിതാക്കള്‍ രംഗത്തെത്തി. വീട്ടില്‍ കുട്ടികളെ പരിപാലിക്കാന്‍ ആളില്ലാത്തവര്‍ക്ക് ഈ നടപടി ബുദ്ധിമുട്ടാകുമെന്ന് ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പറഞ്ഞു.
40 അധ്യാപകരെ കുറവോടെയാണ് ക്രോസ്ബി ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകള്‍ ഈ അധ്യയന വര്‍ഷം ആരംഭിച്ചത്. അടുത്ത വര്‍ഷം ആ എണ്ണം കൂടുതലാകുമെന്ന ആശങ്കയുണ്ട്. രാജ്യത്തുടനീളമുള്ള സ്‌കൂള്‍ ഡിസ്ട്രിക്റ്റുകള്‍ അദ്ധ്യാപകരുടെ വലിയ ക്ഷാമമാണ് നേരിടുന്നത്. ടെക്സാസ് സംസ്ഥാനത്തെ 40 സ്‌കൂള്‍ ഡിസ്ട്രിക്റ്റുകള്‍ ഇതിനകം അധ്യയന ദിനങ്ങള്‍ നാലു ദിവസമായി കുറച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.