വരാപ്പുഴ പടക്ക നിര്‍മാണ ശാലയിലെ സ്ഫോടനം: ഒന്നാം പ്രതി അറസ്റ്റിൽ

വരാപ്പുഴ പടക്ക നിര്‍മാണ ശാലയിലെ സ്ഫോടനം: ഒന്നാം പ്രതി അറസ്റ്റിൽ

കൊച്ചി: എറണാകുളം വരാപ്പുഴയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി ജെന്‍സനാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ജെന്‍സനെ പാലക്കാട് നിന്നാണ് പിടികൂടിയത്. കേസില്‍ ജെന്‍സന്റെ സഹോദരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വടക്കഞ്ചേരിയിലുള്ള സുഹൃത്തിനൊപ്പം ഒളിവില്‍ കഴിയവെയാണ് ജെന്‍സന്‍ പിടിയിലാകുന്നത്. സ്ഫോടനം നടന്ന ഉടന്‍ നാട് വിട്ട ജെന്‍സനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ജെൻസന്റെ സഹോദരൻ ജെയ്സനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സഹോദരനായ ജാൻസൺ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. വീട് വാടകയ്ക്ക് നൽകിയ കൂരൻ വീട്ടിൽ മത്തായിക്കെതിരെയും കേസുണ്ട്‌ മത്തായിക്കായും അന്വേഷണം ഊര്‍ജിതമാണ്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വരാപ്പുഴ മുട്ടിനകത്ത് അനധികൃത പടക്ക നിര്‍മാണശാലയില്‍ സ്ഫോടനമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആൻസൺ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിലാണ് സ്ഫോടനം നടന്നത്. ഇയാളുടെ ബന്ധുവായ ഡേവിസ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. പടക്കശാല കെട്ടിടം സ്ഫോടനത്തിൽ പൂർണമായും തകർന്നു. പ്രദേശത്തെ പത്തിൽ കൂടുതൽ വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്.

അനധികൃതമായാണ് പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് കളക്ടർ രേണു രാജ് വ്യക്തമാക്കിയിരുന്നു. പടക്കശാലയിൽ ജോലി ചെയ്തിരുന്ന ഒരാളെ കണ്ടെത്തിയതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്. എവിടെയാണ് പടക്കം സൂക്ഷിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ ഇയാളാണ് പൊലീസിന് വിശദീകരിച്ചുകൊടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.