തിരുവനന്തപുരം: വേനല്‍ചൂടില്‍ ചുട്ട് പൊള്ളി കേരളം. സംസ്ഥാനത്ത് ദിവസം തോറും ചൂട് വര്‍ധിക്കുകയാണ്. വടക്കന്‍ മേഖലകളായ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സാധാരണ വേനല്‍ച്ചൂടിനെക്കാള്‍ മൂന്നു ഡിഗ്രി മുതല്‍ അഞ്ച് ഡിഗ്രി വരെ കൂടുതലാണ്.
പാലക്കാട് ഇന്നലെ ഉയര്‍ന്ന താപനില 38.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കോഴിക്കോട്-35.2, കൊച്ചി -33.4, ആലപ്പുഴ- 34.2, തിരുവനന്തപുരം-32.8 എന്നിങ്ങനെയായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ ചൂട് വളരെ കൂടുതലായിരുന്നു. ജില്ലകളിലെ നദികള്‍ വറ്റി വരളുന്നതിനാല്‍, കൃഷി നശിക്കാതിരിക്കാന്‍ മോട്ടോര്‍ ഉപയോഗിച്ച് ജലസേചനം തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്. മലയോര പ്രദേശങ്ങളിലും രണ്ടാഴ്ചയായി ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. വടക്കന്‍ കേരളത്തില്‍ തുലാവര്‍ഷം 40-45 ശതമാനം കുറവായിരുന്നു. മഴയുടെ അളവ് കുറവായതിനാലാണ് സംസ്ഥാനത്ത് ചൂട് കൂടിയതെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു.
പകല്‍ 11 മുതല്‍ മൂന്നുവരെ വെയിലേല്‍ക്കുന്നത് ഒഴിവാക്കണം, പുറത്ത് ജോലി ചെയ്യുന്നവര്‍ സൂര്യതാപം ഏല്‍ക്കാതെ ശ്രദ്ധിക്കണം, ചൂട് കൂടുതലുള്ള സമയങ്ങളില്‍ പരമാവധി പുറത്തിറങ്ങരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.