കൊല്ലം രൂപതയിലെ മുന്‍ ബിഷപ് ഡോ. ജോസഫ് ജി ഫെര്‍ണാണ്ടസ് കാലം ചെയ്തു

കൊല്ലം രൂപതയിലെ മുന്‍ ബിഷപ് ഡോ. ജോസഫ് ജി ഫെര്‍ണാണ്ടസ് കാലം ചെയ്തു

കൊല്ലം: കൊല്ലം രൂപത മുന്‍ ബിഷപ് ഡോ. ജോസഫ് ജി. ഫെര്‍ണാണ്ടസ് (സിസിബിഐ) വിടവാങ്ങി. 94 വയസായിരുന്നു. ഇന്ന് രാവിലെ 9.30 ന് കൊല്ലം ബെന്‍സിഗര്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

ന്യുമോണിയയും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കാരണം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.


കൊല്ലം രൂപതയുടെ പന്ത്രണ്ടാമത്തെയും തദ്ദേശീയനായ രണ്ടാമത്തെയും ബിഷപ് ആയിരുന്നു ഡോ. ജോസഫ് ഫെര്‍ണാണ്ടസ്. 1978 മുതല്‍ 2001 വരെ കാല്‍ നൂറ്റാണ്ടോളം രൂപതയെ നയിച്ചു. 2001 ഡിസംബര്‍ 16 നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

കരുനാഗപ്പള്ളി പണ്ടാരത്തുരുത്തിലെ ഗബ്രിയേല്‍ ഫെര്‍ണാണ്ടസിന്റെയും ജോസഫീനായുടെയും ആറു മക്കളില്‍ മൂത്ത മകനായി 1925 സെപ്റ്റംബര്‍ 16 നായിരുന്നു ജനനം. 1978 മെയ് 14 ന് ബിഷപായി.

ഡോ. ജോസഫ് ജി. ഫെര്‍ണാണ്ടസിന്റെ വിദ്യാഭ്യാസം ചെറിയഴീക്കല്‍, കോവില്‍ത്തോട്ടം, ശങ്കരമംഗലം, കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂളുകളിലായിരുന്നു. കൊല്ലം സെന്റ് റഫേല്‍ സെമിനാരി, കൊല്ലം സെന്റ് തെരേസ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളിലായാണ് വൈദിക പഠനം പൂര്‍ത്തിയാക്കിയത്.


ശക്തികുളങ്ങര, ചാരുംമൂട് ഇടവകകളില്‍ അസിസ്റ്റന്റ് വികാരി, കണ്ടച്ചിറ മങ്ങാട്, ക്ലാപ്പന, ഇടമണ്‍ എന്നിവിടങ്ങളില്‍ വികാരി, ഇന്‍ഫന്റ് ജീസസ് ബോര്‍ഡിങ് സ്‌കൂള്‍ വാര്‍ഡന്‍, സെന്റ് റഫേല്‍ സെമിനാരി പ്രീഫക്ട്, ഫാത്തിമ മാതാ നാഷനല്‍ കോളജ്, കര്‍മലറാണി ട്രെയിനിങ് കോളജ് ബര്‍സാര്‍, വിമലഹൃദയ സഭ സന്യാസിനികളുടെ ഗുരുഭൂതന്‍, വിവിധ സന്യാസിനി സഭകളുടെ ഔദ്യോഗിക കുമ്പസാരക്കാരന്‍, ബിഷപ് ആയിരിക്കെ ഡോ. ജെറോം എം. ഫെര്‍ണാണ്ടസിന്റെ സെക്രട്ടറി, രൂപത ചാന്‍സലര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.

കെസിബിസി വൈസ് ചെയര്‍മാന്‍, സിബിസിഐ ഹെല്‍ത്ത് കമ്മിഷന്‍ ചെയര്‍മാന്‍, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി എപ്പിസ്‌കോപ്പല്‍ കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ദേവാലയങ്ങളില്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റികള്‍ക്കും കുടുംബ യൂണിറ്റുകള്‍ക്കും രൂപം നല്‍കുന്നതിന് ഡോ. ജോസഫ് ഫെര്‍ണാണ്ടസ് നേതൃത്വം വഹിച്ചു. വത്തിക്കാന്റെ ആരോഗ്യപോഷണ സംഘടനയോട് അദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.