വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല; സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് 12.5 ലക്ഷംപേര്‍ പുറത്ത്

വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല; സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് 12.5 ലക്ഷംപേര്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് 12.5 ലക്ഷത്തോളം പേര്‍ പുറത്തായി. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതാണ് ഇത്രയുംപേര്‍ പുറത്താകാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. പെന്‍ഷന് അര്‍ഹമായതിനെക്കാള്‍ കൂടുതല്‍ വരുമാനമുള്ളതുകൊണ്ടാവാം ഇവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്നാണ് അനുമാനം.

വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കൂടുതലുള്ളവര്‍ക്ക് ക്ഷേമപെന്‍ഷന് അര്‍ഹതയില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ കിട്ടാനിടയില്ല. ഈയിനത്തില്‍ മാസം 192 കോടിയുടെ ചെലവ് സര്‍ക്കാരിനു കുറയും.

ഫെബ്രുവരി 28 ആയിരുന്നു സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവസാന തീയതി. 40 ലക്ഷത്തോളം പേര്‍ മാത്രമാണ് ഹാജരാക്കിയത്. നിലവില്‍ 52.5 ലക്ഷം പേരാണ് മാസം 1600 രൂപവീതം പെന്‍ഷന്‍ വാങ്ങുന്നത്. വിവിധ കാരണങ്ങളാല്‍ രണ്ടരലക്ഷത്തോളം പേരുടെ പെന്‍ഷന്‍ മാസംതോറും തടഞ്ഞുവെക്കാറുണ്ട്.

ഉയര്‍ന്ന വരുമാനമുള്ളവരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബവാര്‍ഷിക വരുമാനമായി കണക്കാക്കാനായിരുന്നു നിര്‍ദേശം.

വിവരങ്ങള്‍ ഐ.കെ.എമ്മിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് അന്തിമ കണക്ക് ലഭിക്കും. ഇതിനു സമയമെടുക്കും. അതിനാല്‍ നിലവില്‍ വാങ്ങുന്നവര്‍ക്ക് ഫെബ്രുവരി വരെയുള്ള പെന്‍ഷന്‍ ലഭിച്ചേക്കും. ഡിസംബര്‍വരെയുള്ള പെന്‍ഷനാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.
സര്‍ട്ടിഫിക്കറ്റ് ഇനിയും നല്‍കാം. സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സമയംമുതല്‍ പെന്‍ഷന്‍ പുനസ്ഥാപിക്കും. എന്നാല്‍ ഇടയ്ക്കുള്ള കാലത്തെ കുടിശിക നല്‍കില്ല. സാമൂഹികസുരക്ഷാ പെന്‍ഷനു മാത്രമാണ് ഈ തീരുമാനം ബാധകം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.