കൊച്ചി: കൊല്ലം രൂപത മുന്‍ ബിഷപ്പ് ഡോ. ജോസഫ് ജി. ഫെര്‍ണാണ്ടസ് തന്റെ ശുശ്രൂഷാ മേഖലകളില്‍ ജനങ്ങള്‍ക്കും തന്നോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവര്‍ക്കും ഒരുപോലെ സ്വീകാര്യനായ അജപാലകനായിരുന്നുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
കൊല്ലം രൂപതയുടെ മെത്രാന്‍ എന്ന നിലയിലും കെസിബിസി വൈസ് പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. തന്റെ മുന്‍ഗാമിയായിരുന്ന ജെറോം ഫെര്‍ണാണ്ടസ് പിതാവിന്റെ ആധ്യാത്മിക ശൈലിയിലും മനുഷ്യബന്ധം സ്ഥാപിക്കാനുള്ള സ്വതസിദ്ധമായ കഴിവുകള്‍ ഉപയോഗിച്ചും കൊല്ലം രൂപതയുടെ മെത്രാന്‍ എന്ന നിലയില്‍ ജോസഫ് പിതാവ് പ്രവര്‍ത്തിച്ചുവെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
വൈദികരോടും സമര്‍പ്പിതരോടും ജനങ്ങളോടും ഒരുപോലെ സൗഹൃദത്തിലും നിരന്തരമായ സംഭാഷണത്തിലും അദേഹം ഏര്‍പ്പെട്ടിരുന്നു. വൈദികര്‍ക്ക് അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടും എന്നാല്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും അദ്ദേഹം സംഘാതാത്മകമായ നേതൃത്വ ശൈലി പ്രാവര്‍ത്തികമാക്കി.
സഭയില്‍ നിസ്വാര്‍ത്ഥമായ ശുശ്രൂഷ ചെയ്ത ജോസഫ് ജി ഫെര്‍ണാണ്ടസ് പിതാവ് കൊല്ലം രൂപതയിലും കേരളാ കത്തോലിക്കാ സഭയിലും എന്നും അനുസ്മരിക്കപ്പെടുമെന്ന് കര്‍ദിനാള്‍ തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അഭിവന്ദ്യ പിതാവിന്റെ പാവന സ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പരേതനായ പിതാവിന്റെ കുടുംബത്തോടും കൊല്ലം രൂപതയോടും വിശിഷ്യാ രൂപതാധ്യക്ഷന്‍ പോള്‍ ആന്റണി മുല്ലശേരി പിതാവിനോടും സ്റ്റാന്‍ലി റോമന്‍ പിതാവിനോടും തന്റെ അനുശോചനം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.