തിരുവനന്തപുരം: മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതില്‍ ഡോക്ടര്‍മാരുടെ പിന്‍മാറ്റം മൂലം മരണാനന്തര അവയവ ദാനം കുറഞ്ഞു. ഇത് അവയവങ്ങള്‍ സ്വീകരിക്കാനായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന രോഗികള്‍ക്ക് തിരിച്ചടിയായി.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 14 മസ്തിഷ്‌ക മരണങ്ങള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. കൂടുതല്‍ മസ്തിഷ്‌ക മരണം നടക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ വര്‍ഷം രണ്ടെണ്ണമാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ശ്രീചിത്രയിലും ഒന്ന് വീതം. എന്നാല്‍ അവയവങ്ങള്‍ പ്രതീക്ഷിച്ച് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 3702 പേരാണ്.
മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ മസ്തിഷ്‌ക മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്താല്‍ ഒരു വൃക്ക സര്‍ക്കാര്‍ മേഖലയ്ക്ക് നല്‍കണം എന്നാണ് വ്യവസ്ഥ. മറ്റ് അവയവങ്ങള്‍ സ്വന്തം രോഗികള്‍ക്ക് നല്‍കാം. അവയവദാനം ഏകോപിപ്പിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കെ.സോട്ടോയില്‍ രണ്ട് കോര്‍ഡിനേറ്റര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നതും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
അവയവ ദാനത്തിന്റെ മറവില്‍ ഡോക്ടര്‍മാരുടെ ഒത്താശയോടെ അവയവക്കച്ചവടം നടക്കുന്നുവെന്ന ആരോപണം ജനങ്ങളില്‍ സംശയമുണ്ടാക്കിയതോടെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന്‍ നിന്നും ഡോക്ടര്‍മാര്‍ പിന്‍മാറിയത്. മസ്തിഷക മരണം എന്ന പേരില്‍ നിര്‍ബന്ധിത മരണത്തിലേക്ക് തള്ളിവിടുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.
ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആക്രമിക്കുന്നതും ഡോക്ടര്‍മാര്‍രെ പിന്തിരിപ്പിക്കുന്നു. അവയവദാനത്തിന് ബന്ധുക്കള്‍ വിസമ്മതിക്കുന്നതും പ്രതിസന്ധിയാണ്. അവയവ ദാനത്തിന്, മരിക്കുന്ന വ്യക്തിയുടെ ഭാര്യ, ഭര്‍ത്താവ്, മക്കള്‍, അച്ഛന്‍, അമ്മ എന്നിവരുടെ അനുമതി വേണം. ഇവരുമായി സംസാരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.