അമേരിക്കയില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു; 20,000 പേര്‍ക്ക് ബാധിച്ചേക്കാമെന്ന് സിഡിസി മുന്നറിയിപ്പ്

അമേരിക്കയില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു; 20,000 പേര്‍ക്ക് ബാധിച്ചേക്കാമെന്ന് സിഡിസി മുന്നറിയിപ്പ്

കെന്റക്കി: അമേരിക്കയിലെ കെന്റക്കിയില്‍ നടന്ന മതപരമായ ചടങ്ങില്‍ പങ്കെടുത്ത ഏകദേശം 20,000 ആളുകള്‍ക്ക് അഞ്ചാംപനി ബാധിക്കാന്‍ സാധ്യതയെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 17, 18 തീയതികളില്‍ കെന്റക്കിയില്‍ നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്തവരിലാണ് രോഗഭീഷണിയുള്ളത്. കെന്റക്കിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

മത സമ്മേളനത്തില്‍ പങ്കെടുത്ത, പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ഒരു വ്യക്തിക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതായി സിഡിസി അറിയിച്ചു. രോഗി പങ്കെടുത്ത ദിവസങ്ങളില്‍ ഏകദേശം 20,000 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. പൊതുജനാരോഗ്യം കണക്കിലെടുത്ത് കൂടുതല്‍ കേസുകള്‍ ഉണ്ടോയെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

കെന്റക്കിയിലെ വില്‍മോറില്‍ അസ്ബറി യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഒന്നിലധികം ആഴ്ച നീണ്ടുനില്‍ക്കുന്ന മത സമ്മേളനമായിരുന്നു ഇത്. രണ്ടാഴ്ചയ്ക്ക് ശേഷം പരിപാടി കാമ്പസില്‍ നിന്ന് മാറ്റി.

ഫെബ്രുവരി 24 നാണ് ജെസാമിന്‍ കൗണ്ടി നിവാസിക്ക് അഞ്ചാംപനി ബാധിച്ചതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്. ഇയാള്‍ ഫെബ്രുവരി 18, 19 തീയതികളിലാണ് മത സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.

സമ്മേളനത്തില്‍ പങ്കെടുത്ത, അഞ്ചാംപനിക്കെതിരെ വാക്സിന്‍ എടുക്കാത്തവരോട് സിഡിസി മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് ക്വാറന്റൈന്‍ ചെയ്യാന്‍ സര്‍വകലാശാല അഭ്യര്‍ത്ഥിച്ചു. വാക്‌സിന്‍ എടുക്കാത്തവരെ 21 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യാനും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാനും കെന്റക്കി പബ്ലിക് ഹെല്‍ത്ത് കമ്മിഷണര്‍ അഭ്യര്‍ത്ഥിച്ചു.

മീസില്‍സ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമിക രോഗമാണ് അഞ്ചാംപനി. പനിയാണ് ആദ്യ ലക്ഷണം. രോഗബാധിതനായ ഒരു വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിന് ശേഷം 10-12 ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണയായി ലക്ഷണങ്ങള്‍ വികസിക്കുകയും 7-10 ദിവസം നീണ്ടുനില്‍ക്കുകയും ചെയ്യും. പ്രാരംഭ ലക്ഷണങ്ങളില്‍ പനി, ശരീരത്തില്‍ ചുവന്നുതടിച്ച പാടുകള്‍, ചുമ, മൂക്കൊലിപ്പ്, വീക്കമുള്ള കണ്ണുകള്‍ കണ്ണുചുവക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.

മീസില്‍സ് വൈറസുകള്‍ വായുവിലൂടെയാണ് പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്. രോഗം ബാധിച്ചയാളുടെ ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. അസുഖമുള്ളവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പുറത്തേക്ക് തെറിക്കുന്ന ചെറിയ കണികകളില്‍ വൈറസുകളും ഉണ്ടാകും. കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.