കൊച്ചി: ബംഗുളുരു എഫ്‌സിയുമായുള്ള ഐ.എസ്.എല്‍ നോക്കൌട്ട് മാച്ച് വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇതു സംബന്ധിച്ച് ബ്ലാസ്റ്റേഴ്‌സ് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് പരാതി നല്‍കി.
വിവാദ മത്സരം വീണ്ടും കളിക്കണമെന്നും ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണം എന്നതുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ആവശ്യങ്ങള്‍. മത്സരം ഇത്തരത്തില്‍ അവസാനിക്കാന്‍ കാരണം റഫറിയുടെ പിഴവാണെന്നും അതുകൊണ്ട് തന്നെ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയില്‍ ബെംഗളൂരു എഫ്.സിയും മുംബൈ സിറ്റിയും തമ്മിലുള്ള ആദ്യ പാദ സെമി ഫൈനലിന് മുന്‍പ് തീരുമാനമെടുക്കാമെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ മറുപടി നല്‍കിയതായി അറിയുന്നു.
ഐ.എസ്.എല്ലിലെ ആദ്യ പ്ലേഓഫ് പോരാട്ടത്തില്‍ എക്സ്ട്രാ ടൈമില്‍ ബംഗളൂരു എഫ്.സി നേടിയ വിവാദ ഗോളിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് താരങ്ങളെ തിരിച്ചു വിളിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ബംഗളൂരുവിനെ മാച്ച് റഫറി വിജയിയായി പ്രഖ്യാപിച്ചു.
ഇരുപകുതികളും ഗോള്‍ രഹിതമായതിനെ തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ 96-ാം മിനിറ്റിലാണ് വിവാദ ഗോള്‍ പിറന്നത്. ഫ്രീകിക്ക് തടയാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയ്യാറാവും മുമ്പേ ബംഗളൂരു താരം സുനില്‍ ഛേത്രി ഗോള്‍ വലയിലാക്കുകയായിരുന്നു. റഫറി ഗോള്‍ വിളിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് താരങ്ങളെ മുഴുവന്‍ തിരിച്ചു വിളിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.