ത്രിപുരയില്‍ മാണിക് സാഹ മുഖ്യമന്ത്രി; സത്യ പ്രതിജ്ഞ ബുധനാഴ്ച്ച

ത്രിപുരയില്‍ മാണിക് സാഹ മുഖ്യമന്ത്രി; സത്യ പ്രതിജ്ഞ ബുധനാഴ്ച്ച

അഗര്‍ത്തല: മാണിക് സാഹ ത്രിപുരയില്‍ മുഖ്യ മന്ത്രിയായി തുടരാന്‍ ധാരണ. ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. ബിപ്ലബ് ദേബ് കുമാറിന് പകരം 2022 ലാണ് മണിക് സാഹ മുഖ്യമന്ത്രിയായത്.

ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രതിമ ഭൗമിക് മുഖ്യ മന്ത്രിയാകുമെന്ന് നേരത്തേ സൂചനകള്‍ ഉണ്ടായിരുന്നു. മാണിക് സാഹയ്ക്ക് തന്റെ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞതോടെയായിരുന്നു പുതുമുഖം വേണോയെന്ന ചര്‍ച്ച ബിജെപിയില്‍ ഉയര്‍ന്നത്. തിരഞ്ഞെടുപ്പില്‍ വനിതകളുടെ പിന്തുണ കൂടുതല്‍ കിട്ടിയെന്ന വിലയിരുത്തലും പ്രതിമയ്ക്ക് പരിഗണന കിട്ടുമെന്ന നിലയില്‍ ചര്‍ച്ചയായിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ച മണിക്ക് സാഹക്ക് തന്നെയായിരുന്നു മുന്‍തൂക്കം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ മണിക്ക് സാഹയെ 2022 ലാണ് ബിജെപി മുഖ്യ മന്ത്രിയാക്കിയത്. ബിപ്ലബ് ദേബിനെ മാറ്റിയായിരുന്നു നിയമനം. ഒരു കൊല്ലം മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി കസേരയില്‍ മണിക്ക് സാഹ ഇരുന്നത്.

തിരഞ്ഞെടുപ്പില്‍ ഗോത്രമേഖലകളില്‍ വന്‍ വിജയം നേടിയ തിപ്ര മോതയെ ഒപ്പമെത്തിക്കാനുള്ള ചരടുവലികളും ബിജെപി നടത്തുന്നുണ്ട്. ചര്‍ച്ചകള്‍ക്കായി തിപ്ര മോതയെ വിളിച്ച ബിജെപി ഗോത്ര മേഖലയുടെ വികസനത്തിനാണ് ചര്‍ച്ചയെന്നും ത്രിപുരയെ വിഭജിക്കാനാകില്ലെന്നും പ്രതികരിച്ചിരുന്നു.

ചര്‍ച്ചക്ക് പച്ചക്കൊടി കാണിച്ച തിപ്രമോത പാര്‍ട്ടി നേതാവ് പ്രത്യുദ് ദേബ് ബര്‍മന്‍ ബഹുമാനത്തോടെയാണ് ക്ഷണമെങ്കില്‍ ചര്‍ച്ചയില്‍ സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പദവികളല്ല പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിന് ഭരണഘടനപരമായ പരിഹാരമാണ് വേണ്ടതെന്നും പ്രത്യുദ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.