ബംഗളുരു: കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും തമ്മിലുള്ള പ്ലേ ഓഫ് മത്സരം വീണ്ടും നടത്തില്ലെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). മത്സരം ബഹിഷ്‌കരിച്ച കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ അച്ചടക്ക നടപടിയുണ്ടാകാനും സാധ്യതയുണ്ട്.
ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചിരുന്നു. ഈ മത്സരം വീണ്ടും നടത്തണമെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം. വിവാദ തീരുമാനമെടുത്ത റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനു നല്‍കിയ പരാതിയില്‍ ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിരുന്നു.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ രഹിത സമനില വഴങ്ങിയ മത്സരത്തിന്റെ അധിക സമയത്താണ് വിവാദമുണ്ടായത്. 97-ാം മിനിട്ടില്‍ ലഭിച്ച ഫ്രീ കിക്ക് സുനില്‍ ഛേത്രി പെട്ടെന്ന് വലയിലാക്കിയത് കേരള ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചില്ല.
തങ്ങള്‍ തയാറാവുന്നതിനു മുന്‍പാണ് ഛേത്രി കിക്കെടുത്തതെന്ന് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചു. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകുമാനോവിച് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ സീസണ്‍ കളിച്ച് ഈ സീസണില്‍ എഫ്‌സി ഗോവയിലെത്തിയ ആല്‍വരോ വാസ്‌കസ്, പൂനെ സിറ്റി, ഹൈദരാബാദ് എഫ്‌സി തുടങ്ങി വിവിധ ഐഎസ്എല്‍ ക്ലബുകളില്‍ കളിച്ച മാഴ്‌സലീഞ്ഞോ എന്നിവര്‍ റഫറിയുടെ തീരുമാനത്തിനെതിരെ രംഗത്തു വന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.