ലൈഫ് മിഷന്‍ കോഴ; സി.എം രവീന്ദ്രനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ കോഴ; സി.എം രവീന്ദ്രനെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും

തിരുവന്തപുരം: ലൈഫ് മിഷന്‍ കോഴ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തരയ്ക്ക് കൊച്ചിയില്‍ എത്താനാണ് രവീന്ദ്രന് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം.

നിയമസഭ നടക്കുന്നതിനാല്‍ എത്താനാകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞയാഴ്ച നോട്ടീസ് ലഭിച്ചപ്പോള്‍ സി.എം രവീന്ദ്രന്‍ ഒഴിഞ്ഞു മാറിയിരുന്നു. ലൈഫ് മിഷന്‍ അഴിമതി സംബന്ധിച്ച് സി.എം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള വാട്‌സ്ആപ്പ് ചാറ്റുകളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്.

ഇന്നും ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു കടക്കുമെന്ന് ഇ.ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഇ.ഡിക്ക് അധികാരമുണ്ട്.

ലൈഫ് മിഷന്‍ കരാറില്‍ 3.38 കോടി രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്ക് ലഭിച്ചെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സി.എം രവീന്ദ്രന്റെ അറിവോടെയാണ് നടന്നതെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തരത്തിലായിരുന്നു വാട്‌സ്ആപ്പ് ചാറ്റുകള്‍.

കേസില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.