കൊച്ചിക്കാര്‍ ഗ്യാസ് ചേമ്പറില്‍ അകപ്പെട്ട അവസ്ഥയില്‍; ബ്രഹ്മപുരം പ്ലാന്റിലെ തീ പിടുത്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചിക്കാര്‍ ഗ്യാസ് ചേമ്പറില്‍ അകപ്പെട്ട അവസ്ഥയില്‍; ബ്രഹ്മപുരം പ്ലാന്റിലെ തീ പിടുത്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ പിടുത്തത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. കൊച്ചിക്കാര്‍ ഗ്യാസ് ചേമ്പറില്‍ അകപ്പെട്ട അവസ്ഥയിലാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകള്‍ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകള്‍ ഉണ്ടായിട്ട് പോലും ഈ പ്രശ്‌നങ്ങളില്ലെന്നും കോടതി വിമര്‍ശിച്ചു.

വിഷയത്തില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോട് ഇന്ന് ഉച്ചയ്ക്ക് 1.45 ന് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചു. രേഖകളും ഹാജരാക്കണം. ഓരോ ദിവസവും നിര്‍ണായകമാണ്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം വേണം. വിഷയത്തില്‍ കര്‍ശന ഇടപെടല്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.

സര്‍ക്കാരിനായി എജിയും കോടതിയില്‍ ഹാജരായി. ബ്രഹ്മപുരം വിഷയത്തില്‍ കോര്‍പറേഷന്‍ ഇന്നുതന്നെ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വാദം കേട്ട എല്ലാ ജഡ്ജിമാരും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എഴുതിയ കത്തിനെ പിന്തുണക്കുന്ന സവിശേഷ സാഹചര്യം ഇന്ന് കോടതിയില്‍ ഉണ്ടായി. ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കോടതി പറഞ്ഞു.

തീപിടുത്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. ഉത്തരാവാദിത്തപ്പെട്ടവരുടെ വിശദീകരണം ആദ്യം കേള്‍ക്കട്ടെയെന്ന് പറഞ്ഞ കോടതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോട് ഓണ്‍ലൈനായി 1.45 ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറുപടി നല്‍കാന്‍ നാളെവരെ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.