വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി; മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് ഇ.ഡി

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി; മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് ഇ.ഡി

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ഇ.ഡി). ഇക്കാര്യം ആവശ്യപ്പെട്ട് ലൈഫ് മിഷന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കി.

ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ അറിഞ്ഞാണെന്നാണ് സ്വപ്നയുടെ മൊഴി. ഇടപാടുകളില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ഇ.ഡിയുടെ കൈവശമുണ്ട്.

ആദ്യ തവണ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സി.എം രവീന്ദ്രന്‍ ഒഴിവായത്. സ്വപ്നയുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകള്‍ക്കും അപ്പുറം കേസില്‍ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതല്‍ കാര്യങ്ങള്‍ ഇഡിക്ക് കണ്ടെത്താന്‍ കഴിയുമോ എന്ന ചോദ്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയില്‍ ഇ.ഡി എടുത്ത കള്ളപ്പണകേസില്‍ ശിവശങ്കറിന് ശേഷം അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ രണ്ടാമത്തെയാളാണ് സി.എം രവീന്ദ്രന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.